തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ അക്രമത്തിൽ കൊടി സുനി ഉൾപ്പെടെ 10 തടവുകാർക്കെതിരെ കേസെടുത്ത് വിയ്യൂർ പോലീസ്. വധശ്രമം, കലാപ ആഹ്വാനം തുടങ്ങി പത്തുവകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ ഇരുമ്പ് വടി കൊണ്ടും കുടിച്ചില്ലുകൊണ്ടും ജയിൽ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും കലാപ ആഹ്വാനം നടത്തി സംഘർഷം അഴിച്ചുവിട്ടെന്നും എഫ്‌ഐആറിൽ പറയുന്നു.
ഞായറാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. തടവുകാരുടെ ഇരു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടുകയും ഇത് തടയാനായി എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ കൊടി സുനിയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായാണ് സംഘർഷമുണ്ടായത്. പിന്നാലെ ഇവരെ ജയിൽ ഉദ്യോഗസ്ഥർ ഇടപെട്ട് മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി. എന്നാൽ കൊടി സുനിയും സംഘവും മാറ്റിയ ബ്ലോക്കിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു.
ഇത് തടയാനെത്തിയ ഉദ്യോഗസ്ഥരെയാണ് കൊടി സുനിയും സംഘവും ആക്രമിച്ചത്. കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമണത്തിൽ ജയിൽ ഓഫീസിലെ ഫർണിച്ചറുകളും നശിപ്പിക്കപ്പെട്ടു.















