തിരുവനന്തപുരം: നിയമസഭയുടെ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിലും കൈയിട്ടു വാരാൻ സിപിഎം. ഇത്തവണ പക്ഷെ കൈയിട്ടുവാരൽ നടത്തുന്നത് ചിന്താ പബ്ലിക്കേഷനിലൂടെയാണ് മാത്രം. ചിന്ത പബ്ലിക്കേഷൻ വഴി ലഭിക്കുന്ന പുസ്തകങ്ങൾ എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്കൂളുകൾക്ക് നൽകിയാണ് പണം സ്വന്തക്കാർക്ക് ലഭിക്കാനുള്ള പുതിയ തന്ത്രം. ചിന്തയ്‌ക്ക് കമ്മീഷനായി മാത്രം വരുന്നത് ലക്ഷ കണക്കിന് രൂപയാണ്.
ഒരു നിയമസഭാ മണ്ഡലത്തിലെ വായനശാലകൾക്കും സ്‌കൂളുകൾക്കും പുസ്തകം വാങ്ങി നല്കാൻ മൂന്നുലക്ഷം രൂപ വീതമാണ് എംഎൽഎമാർക്ക് അനുമതിയുള്ളത്. സാധാരണയായി മേളയിൽ എത്തി വാങ്ങുന്ന പുസ്തകങ്ങളുടെ ബിൽ വായനശാലകളും സ്‌കൂളുകളും എംഎൽഎമാർക്ക് നൽകുന്നതാണ് പതിവ്. എന്നാൽ ഇത്തവണ പക്ഷെ എംഎൽഎ ഫണ്ടിലുള്ള പുസ്തകങ്ങൾ ചിന്തയുടേത് മാത്രമായിരിക്കണമെന്നാണ് സിപിഎം നിർദ്ദേശം. കൂടാതെ സിപിഎം അനുഭാവികളായ എഴുത്തുകാരുടെ പുസ്തകം മാത്രം മതിയെന്നും പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് സിപിഎം എംഎൽഎ മാർക്ക് പാർട്ടി കത്ത് നൽകിയിട്ടുണ്ട്.
പുസ്തകോത്സവത്തെ ഏറെ പ്രതീക്ഷയൊടെ കാണുന്ന പ്രസാദകർക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇത്. 35 ശതമാനം വിലക്കുറവിൽ പുസ്തകം നല്കണമെന്നാണ് പുസ്തകോത്സവത്തിലെ വ്യവസ്ഥ. എന്നാൽ അമ്പതും അറുപതും ശതമാനം വിലക്കുറവ് അനുവദിച്ചാൽ മാത്രമേ പുസ്തകം ചിന്ത പബ്ലിക്കേഷൻ പ്രസാധകരിൽ നിന്ന് പുസ്തകം വാങ്ങൂ. 50 ശതമാനം കുറച്ച് നല്കിയാൽപ്പോലും 100 രൂപ വിലയുള്ള ഒരു പുസ്‌കത്തിന് 15 രൂപ ചിന്തയ്‌ക്ക് ലഭിക്കും. ഇത്തരത്തിൽ ലക്ഷങ്ങളാണ് കമ്മിഷനായി മാത്രം ചിന്തയക്ക് ലഭിക്കുന്നത്.
ചെറുകിട പ്രസാദകർ എംഎൽഎ മാരെ ബന്ധപ്പെട്ടപ്പോൾ പോലും പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞു എന്ന മറുപടിയാണ് ലഭിച്ചത്. കൂടാതെ ഒരു എംഎൽഎയുടെ മൂന്നുലക്ഷം രൂപയിൽ, വിരലിലെണ്ണാവുന്ന പുസ്തകം മാത്രമാണ് ചെറുകിട പ്രസാധകരിൽ നിന്നും വാങ്ങുന്നത്. അതും ഇടത് അനുഭാവ എഴുത്തുകാരുടെ മാത്രം. വൻകിട പ്രസാധകരെ പിണക്കാതിരിക്കാൻ അവരിൽ നിന്നും പുസ്തകം എടുക്കും. ശേഷിക്കുന്നതെല്ലാം ചിന്തയുടെയും ദേശാഭിമാനിയുടെയും പുസ്തകങ്ങളാണ് വാങ്ങുന്നത്.















