തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസ് നടപടിയെടുത്താൽ ഇടത് മുന്നണി അദ്ദേഹത്തെ സംരക്ഷിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് ഷൗക്കത്ത്. ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്നും ബാലൻ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നിലപാട് ബിജെപിക്കൊപ്പമാണ്. യുഡിഎഫ് ഘടകകക്ഷികൾ നിലവിൽ കോൺഗ്രസിനൊപ്പമില്ല. ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണ്. ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കും. ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടുമെന്നും ബാലൻ പറഞ്ഞു.
ലീഗിന്റെ മനസ് എവിടെയാണെന്നും ശരീരം എവിടെയാണെന്നും കേരളം കണ്ടു. സിപിഎം ഐക്യദാർഡ്യ പരിപാടിയിൽ സാങ്കേതികമായി ഇല്ലെന്ന നിലപാട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അദ്ദേഹത്തെ സിപിഎം പൂർണമായും പിന്തുണയ്‌ക്കുന്നു. ഇ.ടി. മുഹമ്മദ് ബഷീറിനെ അപമാനിച്ച് സുധാകരൻ ലീഗിനോട് മാപ്പുപറയുകയാണ് വേണ്ടതെന്നും എ.കെ. ബാലൻ പരാമർശിച്ചു.















