വ്യാജന്മാർ ചുറ്റും വിലസുന്ന കാലമാണ്. ഒരു വാഹനം വാങ്ങിയാൽ ഉടമ അറിയാതെ തന്നെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന തരത്തിലുള്ള നിരവധി വാർത്തകൾ നാം കാണുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ ഇപ്പോൾ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്.
ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ വാഹന വിവരങ്ങൾക്കൊപ്പം ചേർക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ഉടമ അറിയാതെ വാഹനത്തിന്റെ ഉടമസ്ഥത മറ്റാരും മാറ്റാതിരിക്കാണ് ഇത്തരത്തിൽ മൊബൈൽഫോൺ നമ്പർ ചേർക്കാൻ എംവിഡി ആവശ്യപ്പെടുന്നത്. ഇതിനുപുറമെ ടാക്‌സ് അടയ്‌ക്കാനും രജിസ്‌ട്രേഷൻ പുതുക്കാനും മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് മൊഡ്യൂൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു.
RC ബുക്കിലെയും ആധാറിലെയും പേരും വിവരങ്ങളും തമ്മിൽ വ്യത്യാസങ്ങളുണ്ടെങ്കിൽ ഈ മൊഡ്യൂൾ വഴി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. ഇത്തരം സാഹചര്യത്തിൽ ‘update mobile number done at RTO’ എന്ന മൊഡ്യൂൾ വഴി രേഖകൾ സമർപ്പിച്ച് മൊബൈൽഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്ന അപേക്ഷ നൽകാവുന്നതാണെന്നും മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിൽ കുറിച്ചു.