പച്ചക്കറി വാങ്ങാനായി ചെല്ലുമ്പോൾ പെട്ടെന്ന് കണ്ണ് ചെല്ലുന്നത് പർപ്പിൾ കാബേജിലേക്ക് ആയിരിക്കും. എന്നാൽ അതിന്റെ ഭംഗി വേണ്ടുവോളം ആസ്വദിച്ച് നാം കൃത്യമായി പച്ച കാബേജ് തിരഞ്ഞെടുക്കുകയാണ് പതിവ്. പച്ചയേക്കാൾ ആരോഗ്യഗുണമുള്ളത് പർപ്പിൾ കാബേജിനാണെന്ന് പലർക്കും അറിയാത്തതാണ് ഇവ ഉപയോഗിക്കാൻ വിമുഖത കാണിക്കാൻ കാരണം. വില കൂടുതലാണെന്ന ഒറ്റ കാരണത്താൽ എടുത്ത് നോക്കി തിരികെ വെക്കാൻ ഒരുങ്ങും മുൻപ് പർപ്പിൾ കാബേജിന്റെ ഈ ഗുണങ്ങൾ അറിയൂ..
പച്ച കാബേജിനെ അപേക്ഷിച്ച് ആരോഗ്യഗുണങ്ങളിൽ മുൻപനാണ് പർപ്പിൾ കാബോജ്. വണ്ണം കുറയ്‌ക്കാൻ പരിശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഈ വർണ പച്ചക്കറിയെ ഉൾപ്പെടുത്താവുന്നതാണ്. കലോറി കുറഞ്ഞ പച്ചക്കറിയാണ് പർപ്പിൾ കാബേജ്. ഒരു കപ്പ് കാബേജിൽ ആകെ 28 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഇതിൽ തന്നെ 1.3 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. പച്ച കാബേജിനേക്കാൾ പത്തിരട്ടി വിറ്റാമിൻ എ പർപ്പിൾ കാബേജിലുണ്ട്.ഇതിന് പുറമേ വിറ്റാമിൻ എ,കെ,സി മാംഗനീസ്, വിറ്റാമിൻ ബി6 ഫോളേറ്റ്, തയാമിൻ, പൊട്ടാസ്യം, കാൽസ്യം എന്നിവയും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെയും പർപ്പിൾ കാബേജ് സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന സൽഫോർഫൈൻ ക്യാൻസറിനെ പ്രതിരോധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കാഴ്ചശക്തി മെച്ചപ്പെടുത്താനും പർപ്പിൾ കാബേജിന് കഴിയും. മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുന്നു. ശ്വേതരക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. നാരുകളാൽ സമ്പുഷ്ടമായ പർപ്പിൾ കാബേജ് വിശപ്പ് കുറയ്‌ക്കുന്നതിന് സഹായിക്കും.
വേവിക്കുന്നതിനേക്കാൾ ഗുണം അല്ലാതെ കഴിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ സലാഡുകളിൽ കണ്ണുമടച്ച് ഉപയോഗിക്കാവുന്നതാണ്. തോരനും മൊഴുക്കുപുരട്ടിയുമൊക്കെ ഉണ്ടാക്കുമ്പോൾ വെള്ളം ചേർക്കാതെ പാകം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. വെള്ളം ചേർക്കുന്നത് പോഷകഗുണങ്ങൾ കുറയാൻ കാരണമാകും.















