മലയാളികൾക്ക് സുപരിചിതയായ ഗായിക എന്നതിലുപരി സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ ഏറെയുള്ള താരമാണ് അമൃതാ സുരേഷ്. ഒട്ടനവധി ഗാനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയും പ്രശസ്തിയും നേടിയ താരത്തിന്റെ വിശേഷങ്ങൾ എന്നും ആരാധകർക്കിടയിൽ ശ്രദ്ധേയമാകാറുണ്ട്. ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും ഗാനാലാപനം കൊണ്ട് സന്തോഷം കണ്ടെത്തിയ വ്യക്തിയാണ് അമൃതാ സുരേഷ്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന താരം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു യാത്രയിലാണ്. യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളും അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
കാശിയിൽ യാത്ര നടത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തി. തീർത്ഥാടനത്തിലാണോ ആത്മീയ യാത്രയിലാണോ എന്നതായിരുന്നു ആരാധകരുടെ ചോദ്യം. ഇന്നിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃതാ സുരേഷ്. തന്റെ യാത്രയുടെ ലക്ഷ്യത്തെ കുറിച്ചാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.
‘ഞാൻ ഇപ്പോൾ ഒരു ഇടവേളയിലാണ്. എന്റെ യാത്രകൾ വളരെ പ്രധാനമാണ്. ഇതെന്റെ വളർച്ചയ്‌ക്കും സ്വയം മാറുന്നതിനും കാരണമാകും. ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങളാൽ നിറഞ്ഞതാണെന്ന് ഓർക്കുക. അത് ഞാൻ ആസ്വദിക്കുക്കുകയാണ്. സംഗീതത്തിലൂടെ ഞാൻ നിങ്ങളുടെ സമീപത്തേക്ക് തിരികെ വരും’ എന്നാണ് അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് അമൃതയ്‌ക്ക് പിന്തുണ അറിയിച്ചും ആശംസകൾ അറിയിച്ചും രംഗത്തെത്തിയിരിക്കുന്നത്.















