രാത്രിസമയത്തെ ആകാശം.. അങ്ങിങ്ങായി നക്ഷത്രങ്ങൾ.. ചാരുത പകർന്ന് ചന്ദ്രനും.. എന്ത് മനോഹരമായ കാഴ്ച വിരുന്നാണല്ലേ.. എന്നാൽ ഈ കാഴ്ചയെ കടത്തിവെട്ടുന്ന ദൃശ്യവിസ്മയാണ് ബൾഗേറിയയിൽ പ്രത്യക്ഷപ്പെട്ടത്. ‘നോർത്തേൺ ലൈറ്റ്‌സ്’ വെളിച്ചം വീശിയതോടെ ബൾഗേറിയയുടെ വാനം ചുവന്നുതുടുത്തു. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലാണ് ദൃശ്യവിസ്മയമുണ്ടായത്. പിന്നീട് ഇത് ബൾഗേറിയയുടെ ആകാശം മുഴുവൻ പരക്കുകയായിരുന്നു.

രക്തത്തിൽ കുളിച്ച ആകാശമെന്നായിരുന്നു പലരും ഇതിനെ വിശേഷിപ്പിച്ചത്. നവംബർ ആറിന് പുലർച്ചെയോടെ ‘ബ്‌ളഡ്-റെഡ്-സ്‌കൈ’ എന്ന ഹാഷ്ടാഗിൽ നിരവധി പേർ ചിത്രങ്ങൾ പങ്കുവെക്കാനും തുടങ്ങി. ലോകാവസാനമാണിതെന്നായിരുന്നു ചിലർ പറഞ്ഞത്. മഹാദുരന്തം വരാൻ പോകുന്നതിന്റെ മുന്നറിയിപ്പാണെന്നും ട്വിറ്റർ ഉപയോക്താക്കളിൽ ചിലർ പറഞ്ഞു പ്രചരിപ്പിക്കാൻ തുടങ്ങി. എന്നാൽ എന്താണ് ആകാശത്ത് പ്രത്യക്ഷപ്പെട്ട ഈ ചുവന്ന വിസ്മയം.. നോക്കാം..
മാനത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം കാഴ്ചകളെ ‘നോർത്തേൺ/സതേൺ ലൈറ്റ്‌സ്’ എന്നാണ് വിളിക്കപ്പെടുന്നത്. പ്രകൃതി തന്നെ സ്വാഭാവികമായി സൃഷ്ടിക്കുന്ന ഒരു ഇലക്ട്രിക്കൽ പ്രതിഭാസമാണിത്. ചുവപ്പുകലർന്നതും പച്ചകലർന്നതുമായ നിറം ആകാശമാകെ വ്യാപിക്കുന്നു. ഉത്തര-ദക്ഷിണ കാന്തികധ്രുവത്തിന് സമീപമുള്ള പ്രദേശങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുക. ഔറോറ ബൊറീലിസ് എന്നാണ് ഈ പ്രതിഭാസത്തെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.















