ബെയ്ജിങ്: സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹം കഴിച്ച് കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും ഉപദേശിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. വിവാഹം കഴിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്ന പുതിയൊരു രീതി ഉണ്ടാക്കിയെടുക്കണമന്നും ജിൻപിങ് സ്ത്രീകളോട് പറഞ്ഞു.
ചൈനയിലെ ദേശീയ വനിതാ കോൺഗ്രസിന്റെ പരിപാടിയിലാണ് പ്രസിഡന്റിന്റെ അഭ്യർത്ഥന. പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങൾക്ക് ജന്മം നൽകൽ എന്നിവയിൽ യുവാക്കൾക്ക് താൽപര്യമുണ്ടാക്കിയെടുക്കാൻ പാർട്ടി നേതാക്കൾ വേണ്ട നടപടികൾ സ്വീകരിക്കാൻ ഷീ ജിൻപിങ് നിർദ്ദേശം നൽകി.
അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന വനിതാ കോൺഗ്രസ് സ്ത്രീകളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണത്തെ വനിതാ കോൺഗ്രസിൽ ലിംഗ സമത്വത്തെ നേതാക്കൾ നിസ്സാരവത്കരിക്കുകയാണ് ചെയ്‌ത്ത്. വിവാഹം കഴിക്കുക, കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്ന പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആഹ്വാനം അതുപൊലെ ആവർത്തിക്കാനാണ് കോൺഗ്രസിൽ നേതാക്കന്മാർ ഊന്നൽ നൽകിയത്. പ്രസംഗത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനെക്കുറിച്ച് ഷി സൂചിപ്പിച്ചതേ ഇല്ല. സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടത് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ അത്യന്താപേക്ഷിതമാണ്.
ജനനനിരക്ക് കുത്തനെ കുറഞ്ഞതിനാൽ ചൈന ജനസംഖ്യാപരമായ പ്രതിസന്ധിയിലാണുള്ളത്. 1960കൾക്ക് ശേഷം ആദ്യമായി ചൈനയിൽ ജനസംഖ്യ കുറയാൻ കാരണമായി. ഇതിന് പണം നൽകിയും നികുതി ഇളവ് നൽകിയും കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഇടപെടലുകൾ നടത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഇതാണ് ജിൻപിങ്ങിനെ ഇത്തരം ആഹ്വാനത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
അതേസമയം സ്ത്രീകളുടെ ഒട്ടേറെ ആശങ്കകൾ പരിഹരിക്കുന്നതിന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെട്ടിരിക്കുകയാണെന്നും സ്ത്രീകൾ ഉന്നയിക്കുന്ന ചില പ്രശ്നങ്ങൾ നേതൃത്വത്തോടുള്ള വെല്ലുവിളിയായാണ് പാർട്ടി കാണുന്നതെന്നും നിരീക്ഷകർ പറയുന്നു.
ലൈംഗികാതിക്രമങ്ങൾ, ലിംഗപരമായ അതിക്രമങ്ങൾ, വിവേചനം എന്നിവ ഉയർത്തിക്കാട്ടുന്നവരെ, ഇക്കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നവരെ ജയിലിലടക്കുന്ന സമീപനമാണ് പൊതുവേ ചൈന സ്വീകരിക്കുന്നത്.















