മൂന്നര പതിറ്റാണ്ടായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ അഭിമാനമായ ഉലകനായകൻ കമൽഹാസൻ മണിരത്‌നം കൂട്ടുകെട്ടിൽ വരുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘തഗ് ലൈഫ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഗംഭീര ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ പുറത്തിറക്കിയാണ് ടൈറ്റിൽ പ്രഖ്യാപനം. രംഗരായ ശക്തിവേല്‍ നായക്കൻ”എന്നാണ് ഉലകനായകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കമൽഹാസന്റെ അറുപത്തി ഒൻപതാമത് ജന്മദിനത്തിന് തലേ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നത്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാണെന്നു ടൈറ്റിൽ റിലീസിന് മുൻപുള്ള മണിക്കൂറുകളിൽ അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിരുന്നു.
മണിരത്നത്തിനൊപ്പം സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും വീണ്ടും ഒന്നിക്കുന്നു. നേരത്തെ മണി രത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്യുന്നത്. അന്‍പറിവ് മാസ്റ്റേഴ്സാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാർ. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയും പ്രവർത്തിക്കുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.