തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്തുവന്നു. നിർണായക വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. 2021-ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
2013-ൽ നിയമനത്തിന് യോഗ്യത നേടിയവർക്ക് പഴയ പെൻഷൻ നൽകണം എന്ന പ്രധാനപ്പെട്ട വിവരങ്ങൾ സർക്കാർ പൂഴ്‌ത്തിവെച്ചിരുന്ന റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ട് പുറത്തു വിടാതെ വീണ്ടും പഠിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ടിനെ കുറിച്ച് പഠിക്കാനാണ് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചതെന്നായിരുന്നു സർക്കാരിന്റെ വാദം.
ആദ്യ റിപ്പോർട്ടിന്റെ പകർപ്പ് ഹർജിക്കാർക്ക് കൈമാറിയിരുന്നതിനാൽ ചീഫ് സെക്രട്ടറി വി വേണു ഈ മാസം 10-ന് നേരിട്ട് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. സർക്കാരിനെ രൂക്ഷമായാണ് സുപ്രീം കോടതി വിമർശിച്ചത്. തുടർന്നാണ് റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തീരുമാനിച്ചത്.















