കുറച്ച് ദിവസങ്ങളായി നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കിയതായിരുന്നു. അതായത് രശ്മികയുടെ മുഖം കൃത്രിമമായി എഐ ഉപയോഗിച്ച് ചെയ്ത വീഡിയോ ആയിരുന്നു. വീഡിയോ വൈറലായതോടെ ഇതു വ്യാജമാണെന്ന് സൂചിപ്പിച്ച് നിരവധിപേർ രംഗത്തെത്തിയിരിക്കുകയാണ്.
കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിൽ കയറുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ സ്ത്രീയുടെ മുഖം രശ്മികയോട് സാമ്യമുള്ള തരത്തിൽ മോർഫ് ചെയ്ത് എഡിറ്റ് ചെയ്തിരിക്കുന്നതാണ്. സംഭവത്തിൽ ബോളിവുഡ് താരം അമിതാഭ് ബച്ചൻ, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇതു പാലിക്കുന്നില്ലെങ്കിൽ ഇരയായ വ്യക്തിക്ക് കോടതിയെ സമീപിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അമിതാ ബച്ചൻ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്.
ഒക്‌ടോബർ 9നാണ് രശ്മികയുടേതായി എഡിറ്റ് ചെയ്ത വീഡിയോ അപ്‌ലോഡ് ചെയ്‌തത്. ഒറ്റനോട്ടത്തിൽ എഡിറ്റിംഗ് നടന്നതായി കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ, സ്ത്രീ ലിഫ്റ്റിൽ പ്രവേശിക്കുന്ന അതേസമയത്തു തന്നെ മുഖം രശ്മികയുടേതായി മാറുന്നത് കാണാവുന്നതാണ്.















