നടി രശ്മിക മന്ദാനയുടേതെന്ന വ്യാജേന സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോയോട് പ്രതികരിച്ച് താരം. തന്റേതെന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഇത്തരമൊരു വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നും താരം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഇത്തരത്തിലുള്ള ദുരുപയോഗം വളരെയധികം ഭയപ്പെടുത്തുന്നുവെന്നും താരം വ്യക്തമാക്കി.
താൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടാകുന്നത് എങ്കിൽ അതിനെ എങ്ങനെ നേരിടുമെന്ന് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ലെന്ന് താരം പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും തനിക്കൊപ്പം നിന്നതിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും താരം പറയുന്നു. കൂടുതൽ ആളുകളെ ഇത് ബാധിക്കുന്നതിന് മുമ്പ് പ്രതികരിക്കണമെന്നും അല്ലെങ്കിൽ സമൂഹത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് താരം പ്രതികരണം അറിയിച്ചിരിക്കുന്നത്. ഇന്നലെയാണ് രശ്മികയുടേത് എന്ന പേരിൽ വ്യാജ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഗ്ലാമറസ് വേഷത്തിൽ ലിഫ്റ്റിലേക്ക് ഓടിക്കയറുന്നതാണ് വീഡിയോ. സാറാ പാട്ടേൽ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോ എഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതാക്കി പ്രചരിപ്പിക്കുകയായിരുന്നു. വിഷയത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.















