തിരുവനന്തപുരം: കേരളീയം പരിപാടിയിൽ വനവാസി വിഭാഗങ്ങളെ അവഹേളിച്ച സംഭവത്തിൽ പ്രതിഷേധവുമായി എബിവിപി. കേരളീയത്തിലെ മനുഷ്യ പ്രദർശനം കേരള സമൂഹത്തിന് ഒന്നാകെ നാണക്കേടുണ്ടാക്കുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് യൂറോപ്പിൽ ആഫ്രിക്കൻ വംശജരെ പ്രദർശിപ്പിച്ചിരുന്ന മനുഷ്യ മൃഗശാലകളെ അനുസ്മരിപ്പിക്കും വിധമാണ് കേരളീയം പരിപാടിയിൽ വനവാസികളെ പ്രദർശിപ്പിച്ച സംഭവമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി പറഞ്ഞു.
പുരോഗമന കേരളമെന്ന് ഊണിലും ഉറക്കത്തിലും പറയുമ്പോഴും ഇത്തരം സംഭവങ്ങളിൽ മലയാളികൾക്ക് ലജ്ജിച്ച് തലതാഴ്‌ത്താം. മനുഷ്യരെല്ലാം ഒന്ന് എന്നുള്ള ഗുരു വചനം ഉയർത്തിപ്പിടിക്കാൻ പാഠപുസ്തകങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകുമ്പോഴും ഇത്തരം പച്ചയായ നെറികേടിന്റെ രാഷ്‌ട്രീയ മാതൃകകൾ മുന്നോട്ടുവെയ്‌ക്കുന്ന സന്ദേശം സമൂഹത്തിൽ വേർതിരിവ് സൃഷ്ട്ടിക്കും. വനവാസി സമൂഹത്തെ ബോധപൂർവ്വം ഇകഴ്ത്തിക്കാട്ടാനുള്ള സർക്കാർ ശ്രമം പ്രബുദ്ധ കേരള സമൂഹം തള്ളിക്കളയും.
നവോദ്ധാനത്തിന്റെ, സഹവർത്തിത്വത്തിന്റെ ബോധ്യങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് സർക്കാർ സ്‌പോൺസേർഡ് വനവാസി പ്രദർശനം. വനവാസി സമൂഹത്തെ ആത്മാഭിമാനമില്ലാത്തവരായി ചിത്രീകരിക്കാനുള്ള സർക്കാർ ശ്രമം കേരള ജനത പുച്ഛത്തോടെ തള്ളിക്കളയുമെന്നും കോളേജുകളിൽ എബിവിപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.















