തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് പരമാവധി രണ്ട് മണിക്കൂർ മതിയെന്ന് സർക്കാർ. രാത്രി എട്ടിനും പത്തിനും ഇടയിലുള്ള സമയത്ത് പടക്കം പൊട്ടിക്കാം. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയാക്കിയും നിയന്ത്രിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും നിർദ്ദേശമുണ്ട്.
വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
പരമ്പരാഗത പടക്കത്തിന് ബദലാണ് ഹരിതവും പരിസ്ഥിതി സൗഹൃദവുമായ പടക്കങ്ങള്‍. അപകടങ്ങള്‍ കുറവുള്ളതും പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്നതുമായ പടക്കങ്ങളാണ് ഹരിത പടക്കങ്ങള്‍. സാധാരണ പടക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അലൂമിനിയം, ബേരിയം, പൊട്ടാസ്യം നൈട്രേറ്റ്, കാര്‍ബണ്‍ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കള്‍ ഇവയില്‍ ഉപയോഗിക്കുന്നില്ല.
സാധാരണ പടക്കങ്ങളേക്കാള്‍ 30 ശതമാനം കുറവ് മലിനീകരണമേ ഇവയുണ്ടാക്കുന്നുള്ളൂ. സാധാരണ പടക്കങ്ങള്‍ പൊട്ടുമ്പോള്‍ 160 ഡെസിബെല്‍ ശബ്ദം ഉണ്ടാകുമെങ്കില്‍ ഹരിത പടക്കങ്ങള്‍ക്ക് 110 ഡെസിബെല്‍ ശബ്ദം മാത്രമേ ഉണ്ടാകൂ. ഹരിത പടക്കങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം മറ്റു പടക്കങ്ങളെക്കാള്‍ കുറവാണെന്നും അവ പൊടി വലിച്ചെടുക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.