ന്യൂഡൽഹി: മിസോറമിലെയും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലെയും ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ. മിസോറം നിയമസഭയിലെ ആകെയുള്ള 40 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡിലെ നക്‌സൽ ബാധിത മേഖലയിലുമാണ് ഇന്ന് വോട്ടിംഗ് നടക്കുക. കനത്ത സുരക്ഷയാണ് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്.
ഛത്തീസ്ഗഡിലെ ആദ്യ ഘട്ടത്തിൽ 223 സ്ഥാനാർത്ഥികൾ ജനവിധി തേടും. 40,78,681 വോട്ടർമാരാണ് 20 മണ്ഡലങ്ങളിലുമായുള്ളത്. കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. കമ്യൂണിസ്റ്റ് ഭീകര സ്വാധീന മേഖലയായതിനാൽ കനത്ത സുരക്ഷയോടെയാണ് തിരഞ്ഞെടുപ്പ്. സുരക്ഷ പരിഗണിച്ച് 10 മണ്ഡലങ്ങളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണിവരെയും 10 മണ്ഡലങ്ങളിൽ രാവിലെ 8 മുതൽ അഞ്ചുവരെയുമാണ് തിരഞ്ഞെടുപ്പ് നടക്കുക. അഞ്ച് വർഷത്തിന് ശേഷം വീണ്ടും അധികാരത്തിലെത്താം എന്ന പ്രതീക്ഷയിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മിസോറമിലെ 40 മണ്ഡലങ്ങളിലുമായി 1,276 പോളിംഗ് ബൂത്തുകളാണുള്ളത്. 174 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ആകെ 857,000 വോട്ടർമാരുള്ളതിൽ 7000 പേർ മലനിരകളിൽ താമസിക്കുന്നവരാണ്. ഇവർക്ക് തപാൽ വഴി വോട്ട് ചെയ്യാനുള്ള അവസരം തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. ഭരണ കക്ഷിയായ എംഎൻഎഫ് പ്രതിപക്ഷ കക്ഷിയായ ഇസഡ്പിഎം എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. ബിജെപിയും കോൺഗ്രസും മത്സര രംഗത്തുണ്ട്.
ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കും. ബാക്കിയുള്ള 70 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിനാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ.















