കോട്ടയം: കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരിൽ ഹോട്ടൽ കം സ്പോർട്സ് വില്ലേജ് കെട്ടിടത്തിന് നമ്പർ നിഷേധിക്കുന്നുവെന്ന പരാതിയുമായി പ്രവാസി സംരംഭകനായ ഷാജിമോൻ ജോർജ്. കോട്ടയം മാഞ്ഞൂരിലാണ് സംഭവം.
സ്വന്തം നാട്ടിൽ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വഴി മുടക്കി നിൽക്കുന്ന ഉദ്യോഗസ്ഥ നയത്തിനെതിരെ പഞ്ചായത്തിന് മുന്നിൽ സത്യഗ്രഹം നടത്തുകയാണ് ഷാജിമോൻ. വ്യവസായ മന്ത്രിയുടെ ഓഫീസിനെ പോലും തെറ്റിദ്ധരിപ്പിച്ചാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ തന്നെ ബുദ്ധിമുട്ടിക്കുന്നതെന്നും മാഞ്ഞൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നിരാഹാര സമരമല്ലാതെ മറ്റുമാർഗമില്ലെന്നും സംരംഭകൻ പറയുന്നു.
ബിസ ക്ലബ് ഹൗസ് എന്ന പേരിൽ നാലുനില കെട്ടിടം നിർമ്മിക്കുന്നതിന് 2020-ൽ പെർമിറ്റ് നേടിയിരുന്നു. എന്നാൽ പണി നടത്തുന്നതിനിടെ കെട്ടിടം ആറ് നിലയാക്കി. നിലവിലുണ്ടായിരുന്ന പെർമിറ്റ് റദ്ദാക്കി പുതിയ പെർമിറ്റിന് അപേക്ഷ നൽകി. തുടർന്ന് പഞ്ചായത്ത് അസി. എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഷാജിമോൻ വിജിലൻസിൽ പരാതി നൽകി. കൈക്കൂലി വാങ്ങുന്നതിനിടെ അസി. എഞ്ചിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറിനകം പഞ്ചായത്ത് പെർമിറ്റ് നൽകി. തുടർന്ന് പണി പൂർത്തീകരിച്ച് കെട്ടിടം ക്രമപ്പെടുത്തി നമ്പർ ഇടാൻ പലവട്ടം നേരിട്ടും എഞ്ചിനീയർ വഴിയും അപേക്ഷയുമായി ചെന്നിട്ടും പല കാരണങ്ങൾ പറഞ്ഞ് നൽകുന്നില്ലെന്നാണ് പരാതി.
എന്നാൽ മതിയായ രേഖകൾ ഹാജരാക്കാത്തതിനാലാണ് കെട്ടിട നമ്പർ നൽകാത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലിയുടെ വിശദീകരണം. ഫയർ, പൊലുഷൻ അടക്കം അഞ്ച് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ അടുത്ത നിമിഷം ഷാജിമോന്റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പർ കൊടുക്കുമെന്നാണ് മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻറിന്റെ ഉറപ്പ്. ഷാജിയോട് പ്രശ്നങ്ങളില്ലെന്നും ഇന്ന് മുതൽ നടത്താനിരിക്കുന്ന സമരം പിൻവലിച്ച് സർട്ടിഫിക്കറ്റുകളെത്തിച്ചാൽ എല്ലാ ആശയക്കുഴപ്പങ്ങളും തീർക്കാമെന്നും പ്രസിഡൻറ് പറയുന്നു.















