തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കൊടി സുനിക്ക് മർദ്ദനമേറ്റെന്ന് പരാതിയുമായി കുടുംബം. കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം മർദ്ദിച്ചെന്നാണ് പരാതി. പിന്നിൽ ജയിൽ ജീവനക്കാരാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
സെല്ലിൽ ഉറങ്ങിക്കിടന്ന സുനിയെ വിളിച്ചുണർത്തിയ ശേഷം കണ്ണിൽ മുളകുപൊടി വിതറി മർദ്ദിച്ചെന്നാണ് പരാതി. ജയിൽ ജീവനക്കാർക്ക് മർദ്ദനമേറ്റതിന്റെ പ്രതികാരമായിട്ടാണ് മർദ്ദിച്ചതെന്നും കുടുംബം ആരോപിക്കുന്നു. നിലവിൽ സുനി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് സുനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദിവങ്ങൾക്ക് മുൻപ് ജയിലിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ജയിൽ ജീവനക്കാരെ കൊടി സുനിയും സംഘവും മർദ്ദിച്ചിരുന്നു. കൊലപാതക കേസിലെ പ്രതികളായ സഹതടവുകാരും കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജയിൽ ജീവനക്കാരെയും കയ്യേറ്റം ചെയ്തത്. സംഭവത്തിൽ സുനി ഉൾപ്പെടെ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.















