തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വീഡിയോയിൽ പ്രതികരിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യഥാർത്ഥ വീഡിയോയിലുള്ള, ഇൻഫ്‌ളുവൻസർ സാറ പട്ടേൽ. സംഭവത്തിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും താനിപ്പോൾ അസ്വസ്ഥയാണെന്നും ഇൻസ്റ്റഗ്രാമിൽ സാറ കുറിച്ചു.
ഇൻഫ്ലുവൻസറായ സാറ പട്ടേലിന്റെ വിഡിയോയാണ് എഐ ഉപയോഗിച്ച് രശ്മികയുടേതെന്ന് തരത്തിൽ പ്രചരിപ്പിച്ചത്. സാറയുടെ മുഖത്തിനു പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു.
‘എന്റെ ശരീരവും പ്രമുഖ താരത്തിന്റെ മുഖവും ചേർത്ത് ചിലർ ഒരു ഡീപ് ഫെയ്ക് വിഡിയോ നിർമിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഞാൻ വളരെയധികം അസ്വസ്ഥയുമാണ്. സമൂഹമാദ്ധ്യമത്തിൽ സ്വന്തം കാര്യങ്ങൾ പങ്കുവയ്‌ക്കാൻ കൂടുതൽ ഭയപ്പെടേണ്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇന്റർനെറ്റിൽ നിങ്ങൾ കാണുന്നതിന്റെ വസ്തുത ഉറപ്പാക്കുക. ഇന്റർനെറ്റിലുള്ളതെല്ലാം സത്യമല്ല.’-എന്നായിരുന്നു സാറ കുറിച്ചത്.
സംഭവത്തിൽ പ്രതികരണവുമായി കഴിഞ്ഞ ദിവസം രശ്മികയും രംഗത്ത് എത്തിയിരുന്നു. തന്റേതെന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഇത്തരമൊരു വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നും താരം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഇത്തരത്തിലുള്ള ദുരുപയോഗം വളരെയധികം ഭയപ്പെടുത്തുന്നുവെന്നും താരം വ്യക്തമാക്കി. താൻ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടാകുന്നത് എങ്കിൽ അതിനെ എങ്ങനെ നേരിടുമെന്ന് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ലെന്ന് രശ്മിക കൂട്ടിച്ചേർത്തിരുന്നു.















