കാബൂൾ : ഒരുകാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമായിരുന്നു അഫ്ഗാനിസ്ഥാൻ. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള അനധികൃത മയക്കുമരുന്ന് കയറ്റുമതിയുടെ ഏറ്റവും വലിയ ഉറവിടം കൂടിയായിരുന്നു അഫ്ഗാൻ . എന്നാൽ , അഫ്ഗാനിസ്ഥാനിൽ കറുപ്പ് കൃഷി ഈ വർഷം ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട് . യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC) റിപ്പോർട്ട് അനുസരിച്ച്, 2022 അവസാനത്തോടെ 2.33 ലക്ഷം ഹെക്ടർ സ്ഥലത്ത് കറുപ്പ് കൃഷി ചെയ്തെങ്കിൽ ഇന്ന് ഇത് 10 ഹെക്ടറായി കുറഞ്ഞു.
2022ൽ 6400 ടൺ ഉൽപ്പാദനം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 333 ടണ്ണായി കുറഞ്ഞു. 2022 ഏപ്രിലിൽ താലിബാൻ ഭരണകൂടം കറുപ്പ് കൃഷി നിരോധിച്ചതിനുശേഷം, കറുപ്പ് കൃഷി 95 ശതമാനം വരെ കുറഞ്ഞു. കറുപ്പ് ഒരു സുസ്ഥിരമല്ലാത്ത കൃഷിയാണ്, എങ്കിലും അഫ്ഗാൻ കർഷകർക്ക് ഏറ്റവും ഉയർന്ന വരുമാനം ലഭിച്ചിരുന്നു, ഇപ്പോൾ അത് നിലച്ചു. ഇതര വിളകൾ നട്ടുപിടിപ്പിച്ചാലും കറുപ്പിനോളം വരുമാനം നേടാനാവില്ല.
പരുത്തി, ഗോതമ്പ് തുടങ്ങിയ വിളകൾക്ക് കറുപ്പിനേക്കാൾ കൂടുതൽ ചിലവ് വരും. കഴിഞ്ഞ 3 വർഷമായി അഫ്ഗാനിസ്ഥാൻ വരൾച്ചയ്‌ക്ക് സമാനമായ സാഹചര്യമാണ് നേരിടുന്നത്, ഈ സാഹചര്യത്തിൽ, ഉപജീവനത്തിനായി സുസ്ഥിര കാർഷിക ഉൽപ്പന്നങ്ങളിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. കറുപ്പ് ഉൽപ്പാദനം നിരോധിക്കുന്നത് യുവാക്കളെ കള്ളക്കടത്തിലേക്കും വ്യാജ മയക്കുമരുന്ന് കച്ചവടത്തിലേക്കും തിരിയാൻ സാധ്യതയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനിൽ മെതാംഫെറ്റാമിൻ എന്ന മരുന്നിന്റെ ഉൽപ്പാദനം അതിവേഗം വർധിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു .















