എറണാകുളം: കാലാവസ്ഥ വ്യതിയാനം സംഭവിച്ചതോടെ ചക്ക ഉത്പാദനവും പ്രതിസന്ധിയിലായിരിക്കുകയാണ്. ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വില കത്തിക്കയറി. ചക്കയ്‌ക്ക് ജില്ലയിൽ വില 600 രൂപ വരെ എത്തി നിൽക്കുകയാണ്. നിലവിൽ കിലോയ്‌ക്ക് 50-60 എന്നീ നിരക്കുകളിലാണ് വിൽപ്പന നടക്കുന്നത്. ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നെത്തിച്ചാണ് നിലവിൽ റോഡരികിൽ ചക്ക വിൽപ്പന പുരോഗമിക്കുന്നത്.
സാധാരണ വരിക്ക ചക്കയാണ് ഏറ്റവും അധികം വിൽപ്പന നടക്കാറുള്ളതെങ്കിൽ ഇത്തവണ ഏതെങ്കിലും കിട്ടിയാൽ മതിയെന്ന സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്. സീസണിൽ പ്ലാവ് നിറയെ കായ്‌ക്കുന്നിടങ്ങളിലെല്ലാം തന്നെ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമാണ് ഉണ്ടായത്. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ചക്ക തേടിയുള്ള ഓട്ടത്തിലാണ് പ്രമുഖ കമ്പനികളും പ്രോസസിംഗ് യൂണിറ്റുകളും.
തുലാവർഷം അവസാനിക്കുന്ന വേളയിലാണ് പ്ലാവിൽ ചക്ക കായ്‌ക്കുന്നത്. എന്നാൽ തുലാം അവസാനിക്കാനിരിക്കെ മഴ ശക്തമായി തുടരുന്നതിനാൽ പ്ലാവിലെ പൂവുകൾ കൊഴിയുന്ന സാഹചര്യമാണ്. ഇതോടെ ഈ വർഷവും ചക്ക കായ്‌ക്കാൻ വൈകിയേക്കും. ഇതിനാൽ വില ഉയരുമെന്നാണ് കണക്കുകൂട്ടൽ.















