ന്യൂഡൽഹി: ഇന്ത്യയിൽ സ്ഥാപിക്കുന്ന വിദേശ സർവകലാശാലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫീസിളവ് നൽകുമെന്ന് പ്രഖ്യാപിച്ച് യുജിസി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് പഠനം നടക്കാത്ത വിദ്യാർത്ഥികൾ ഇത് പ്രയോജനപ്പെടുത്തണമെന്നും യുജിസി അറിയിച്ചു.
വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കുന്നതിന് വേണ്ട നിയന്ത്രണങ്ങൾ ഉടൻ തന്നെ അവതരിപ്പിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, മെൽബൺ യൂണിവേഴ്‌സിറ്റി, ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റി, ടെക്‌സസ് യൂണിവേഴ്‌സിറ്റി, സെയ്ന്റ് പീറ്റേഴ്‌സ്ബർഗ് യൂണിവേഴ്‌സിറ്റി, ഇൻസ്റ്റിറ്റ്യൂട്ടോ മരൻഗോണി എന്നിവ ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
ലോകത്തിലെ തന്നെ മികച്ച സർവകലാശാലകളാണ് ഇന്ത്യയിൽ ക്യാമ്പസ് അനുവദിക്കാൻ താത്പര്യം അറിയിച്ചിട്ടുള്ളത്. രാജ്യത്തെ പൗരന്മാരിൽ നിന്നും വിദേശികളിൽ നിന്നുമായി 200-ഓളം നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് യുജിസി അറിയിച്ചു. ഈ വിഷയം സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കമ്മീഷൻ വ്യക്തമാക്കി.















