കൊല്ലം: അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് റെയിൽവേ സ്റ്റേഷനുകൾ. കരുനാഗപ്പള്ളി, കണ്ണൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളാകും നവീകരിക്കുക. ഒന്നാം ഘട്ടം ഇതിനോടകം പുരോഗമിക്കുന്നതിനാൽ അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കരുനാഗപ്പള്ളിയെ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു.
33 സ്റ്റേഷനുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിട്ടുള്ളതെന്നും അതിൽ 30 സ്റ്റേഷനുകളെ ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി, കണ്ണൂർ ഉൾപ്പെടെ മൂന്ന് സ്റ്റേഷനുകളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുനാഗപ്പള്ളിയിൽ പുതിയ കെട്ടിടം, 32 മീറ്റർ നീളത്തിൽ രണ്ട് പ്ലാറ്റ്‌ഫോം ഷെൽട്ടർ, മെച്ചപ്പെട്ട ശുദ്ധജല വിതരണ സംവിധാനം, മൂന്ന് ലിഫ്റ്റ്, പാർക്കിംഗ് സംവിധാനം 2000 മീറ്ററായി ഉയർത്തൽ തുടങ്ങിയവയ്‌ക്ക് തീരുമാനം ആയതായും അദ്ദേഹം അറിയിച്ചു.
ദീർഘദൂര ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ ഇവിടെ എത്തുന്നവരിൽ ഭൂരിഭാഗം പേരും കൊല്ലം, കായംകുളം റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതോടെ അമൃതാനന്ദമയി മഠത്തിലെത്തുന്നവർക്ക് ഉൾപ്പെടെ യാത്രക്ലേശം ലഘൂകരിക്കാനാകും. 2022-23 മേയ് വരെയുള്ള കണക്കനുസരിച്ച് കരുനാഗപ്പള്ളി സ്റ്റേഷനിൽ വന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 17,15,776 ആണ്. വാർഷിക വരുമാനം 7,60,63,071 രൂപയും.
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് അമൃത് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയിൽ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപയാണ് റെയിൽവേ മാറ്റിവച്ചത്. നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിംഗ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ എന്നിവയാണ് ഒരുക്കുന്നത്. സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാർ, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കുന്നത്.















