വയനാട്: വയനാട്ടിൽ കമ്യൂണിസ്റ്റ് ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി തണ്ടർബോൾട്ടും പോലീസും. രണ്ടു വനിതാ പ്രവർത്തകരാണ് ഏറ്റുമുട്ടലിനിടയിൽ കാട്ടിലേക്ക് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവരെ പിടികൂടുന്നതിനായി മേഖലയിൽ പോലീസ് വിന്യാസം ശക്തമാക്കി. ഇവരെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുന്നത്. തണ്ടർബോൾട്ട് സംഘവും വനത്തിലേക്ക് തിരിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് ഭീകരരെ വയനാട് കൽപ്പറ്റയിൽ ചോദ്യം ചെയ്തുവരികയാണെന്ന വാർത്ത തെറ്റായ വിവരമാണെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യ സ്വഭാവമുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞദിവസം രാത്രി 10.45 ഓടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. വനമേഖലയിൽ തിരച്ചിലിനിടെ കമ്യൂണിസ്റ്റ് ഭീകരർക്ക് നേരെ പോലീസ് വെടിവയ്‌ക്കുകയായിരുന്നു. ഏകദേശം അര മണിക്കൂറോളം വെടിവയ്പ് തുടർന്നു. പെരിയ 34 ചപ്പാരം കോളനിയിലെ അനീഷ് എന്നയാളുടെ വീട്ടിൽ മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യാൻ എത്തിയ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് നേരെയാണ് തണ്ടർ ബോൾട്ട് വെടി വെച്ചത്. നാലംഗ സംഘമാണ് അനീഷിന്റെ വീട്ടിലെത്തിയത്. സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. കബനി ദളത്തിലെ ചന്ദ്രു എന്ന സോമൻ, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ടുപേർ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഒരാൾക്ക് ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.















