മധുര പലഹാരം ഇല്ലാതെ എന്ത് ദീപാവലി ആഘോഷം അല്ലേ. വില നോക്കാതെ മധുരം വാങ്ങുന്നവരാണ് മിക്കവരും. അത്തരക്കാർക്ക് സ്വന്തമാക്കാവുന്ന ഇത്തിരി ‘റിച്ച്’ മധുര പലഹാരമാണ് ‘സ്വർണ മുദ്ര’. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഈ റിച്ച് മധുരം ലഭിക്കുന്നത്. കിലോയ്‌ക്ക് 21,000 രൂപയാണ് സ്വർണ മുദ്രയുടെ വില. രുചി അറിയാനായി ഒരു കഷ്ണം വാങ്ങണമെങ്കിൽ 1,400 രൂപ ചെലവാക്കണം. ഒരു കിലോഗ്രാം സ്വർണമുദ്രയിൽ 15 കഷ്ണങ്ങളാണ് ഉള്ളത്.
ശുദ്ധമായ സ്വർണമായ 24 കാരറ്റ് സ്വർണം ചേർത്താണ് ഈ പലഹാരം ഉണ്ടാക്കുന്നത്. ഇതാണ് വമ്പൻ വിലയ്‌ക്ക് പിന്നിലെ കാരണം. ബദാം, ബ്ലൂബെറി, പിസ്ത, ക്രാൻബെറി തുടങ്ങിയ വിവിധ ചേരുവകൾ ഇതിൽ ചേർത്തിട്ടുണ്ട്. ഇതിനിടെയിൽ പാളി പോലെയാണ് സ്വർണം ഉപയോഗിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ ഗ്വാലിയ എസ്‌ബിആർ ഔട്ട്‌ലെറ്റിലാണ് സ്വർണ മുദ്ര വിൽക്കുന്നത്.
മികച്ച പ്രതികരണമാണ് സ്വർണ മുദ്രയ്‌ക്ക് ലഭിക്കുന്നതെന്ന് വിൽപനക്കാർ പറയുന്നു. ദീപാവലിയോട് അനുബന്ധിച്ച് സ്വർണ മുദ്ര പലഹാരങ്ങൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടെന്നും കച്ചവടക്കാർ പറയുന്നു. 350 രൂപ മുതൽ 15,000 രൂപ വരെ വിലയുള്ള മധുരപലഹാരങ്ങൾക്കും ഡ്രൈ ഫ്രൂട്ട്‌സിനുമാണ് കൂടുതൽ ആവശ്യക്കാരെന്നും അവർ കൂട്ടിച്ചേർത്തു.