തിരുവനന്തപുരം: റോഡ് സുരക്ഷ പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് പരിശീലനം. ഇതിന്റെ ഭാഗമായി കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റി തയ്യാറാക്കി. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിനാണ് പരിശീലന ചുമതല. ഒരു വർഷത്തിനിടെ 7000 അദ്ധ്യാപകർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
പത്ത് വരെയുള്ള കുട്ടികളെ പഠിപ്പിക്കാനായാണ് അദ്ധ്യാപകർക്ക് പരിശീലനം നൽകുക. ഹയർ സെക്കൻഡറിക്ക് പ്രത്യേക പുസ്തകം ഉണ്ടെങ്കിലും പത്ത് വരെയുള്ള ക്ലാസുകളിൽ അങ്ങനെയുണ്ടാകില്ല. പകരം കൈപ്പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ അദ്ധ്യാപകർ പഠിപ്പിക്കും. പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ പഠനരീതിയും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. റോഡ് സുരക്ഷാ അതോറിറ്റിയാണ് പുസ്തകം അച്ചടിക്കുക. പുസ്തകം തയ്യാറാക്കുന്നതിൽ എസ്സിഇആർടിയും പങ്കാളിയായിരുന്നു.
റോഡപകടങ്ങൾ കുറയ്‌ക്കാൻ തയ്യാറാക്കിയ കർമ പദ്ധതിയുടെ ഭാഗമാണ് സ്കൂൾതലങ്ങളിലെ റോഡ് സുരക്ഷാ പഠനം. റോഡ് സുരക്ഷയിൽ അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനമാണ് നൽകുക. ബാച്ചിലെ അദ്ധ്യാപകർ പിന്നീട് സ്കൂളിലെ മറ്റ് അദ്ധ്യാപകർക്ക് പരിശീലനം നൽകും.