യഥാർത്ഥമെന്ന് തോന്നും വിധത്തിൽ അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമാണ് ഡീപ് ഫേക്കുകൾ എന്നറിയപ്പെടുന്നത്. അടുത്തിടെ സിനിമാ താരങ്ങളുടെയും സോഷ്യൽ മീഡിയാ സെലിബ്രിട്ടികളുടെയും നഗ്ന,അർദ്ധനഗ്നമായ ഡീപ്പ് ഫേക്ക് ചിത്രങ്ങളും വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. യഥാർത്ഥത്തെ വെല്ലും വിധത്തിലുള്ള ഈ ചിത്രങ്ങളെ കണ്ടെത്തുകയെന്നത് ഏറെ പ്രയാസമേറിയ കാര്യമാണ്. എന്നിരുന്നാലും ചില സൂചനകളിലൂടെ ഇത്തരം ഡീപ് ഫേക്ക് വീഡിയോകളെ കണ്ടെത്താനാകും.
മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അഭിപ്രായത്തിൽ ഒരു ഡീപ്ഫേക്ക് വീഡിയോ വിശകലനം ചെയ്യുമ്പോൾ മുഖത്തിന്റെ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. ഡീപ് ഫേക്കുകളിൽ അധികവും പരിവർത്തനം ഉണ്ടാകുന്നത് മുഖത്താണ്. മുടിയും കണ്ണുകളും സസൂക്ഷ്മം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഡീപ്ഫേക്കുകളെ കണ്ടെത്താൻ കഴിയും. മീശ, താടി എന്നിവ ഉൾപ്പെടെയുള്ള മുഖത്തെ രോമങ്ങളുടെ ആധികാരികതയും പരിശോധിക്കേണ്ടതാണ്.
രണ്ടാമതായി ഡീപ് ഫേക്കുകളെ കണ്ടെത്തുന്നതിനായി ശബ്ദത്തെ ശ്രദ്ധിച്ചാൽ മതി. സംസാരിക്കുമ്പോൾ വ്യക്തിയുടെ വായ ചലിക്കുന്നത് ശ്രദ്ധിക്കുക. ചുണ്ടുകളും വാക്കുകളും പൊരുത്തപ്പെടുന്നില്ലെങ്കിൽ സംശയിക്കാവുന്നതാണ്. ഇങ്ങനെ വ്യാജനേ കണ്ടെത്താവുന്നതാണ്. കൃത്യവും വ്യക്തവുമായ ശബ്ദമാണോയെന്നും പരിശോധിക്കേണ്ടതാണ്. വീഡിയോകളുടെ പശ്ചാത്തല ശബ്ദം സീനുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും പരിശോധിക്കാവുന്നതാണ്.
ഡീപ്ഫേക്ക് സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനിടെ അവ കണ്ടെത്താനുള്ള രീതികളും സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. സെന്റിനൽ, ഇന്റലിന്റെ റിയൽ-ടൈം ഡീപ്ഫേക്ക് ഡിറ്റക്ടർ, WeVerify, മൈക്രോസോഫ്റ്റിന്റെ വീഡിയോ ഓതന്റിക്കേറ്റർ ടൂൾ, Phoneme-Viseme എന്നിവ അവയിൽ ചില ഉപകരണങ്ങളാണ്.