തിരുവനന്തപുരം: മാനവീയം വീഥിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം പ്രാരംഭഘട്ടത്തിൽ ഉണ്ടാകുന്നവയാണെന്നും അവയെല്ലാം പരിഹരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജ്. നൈറ്റ് ലൈഫിൽ ലഹരി ഉപയോഗിക്കുന്നവർ കടന്ന് കയറുന്നുണ്ടോ എന്നതിൽ പ്രത്യേക പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് നൈറ്റ് ലൈഫ് അനുഭവിക്കുന്നതിനായി ഒരു സ്ഥലം വേണം. ഇക്കാര്യം പരിഗണനയിൽ വച്ചു കൊണ്ട് തന്നെയായിരിക്കും മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുക. ആളുകൾ കൂടുമ്പോഴുള്ള തിരക്കുകളും പ്രശ്‌നങ്ങളും നിയന്ത്രിക്കുന്നതിനായി നിയന്ത്രണങ്ങൾ കൊണ്ടുവരും. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത് പോലെയുള്ള പ്രശ്‌നങ്ങൾ ഇനിയുമുണ്ടായാൽ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നൈറ്റ്ലൈഫ് എന്നത് എല്ലാ പ്രായക്കാരേയും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഒരാൾ ചെയ്യുന്ന കാര്യം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പാടുള്ളതല്ല. അതുകൊണ്ട് തന്നെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഇനി മുന്നോട്ട് അനുവദിക്കുകയില്ല.
സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ശബ്ദ മലിനീകരണവും കണക്കിലെടുത്ത് 10 മണിക്ക് ശേഷം മൈക്ക്, ഡ്രംസ് തുടങ്ങിയവയുടെ ഉപയോഗത്തിന് നിയന്ത്രണം ഉണ്ടാകും. ലഹരി വസ്തുക്കൾ ഉപയോഗിച്ച് എത്തുന്നവർക്ക് നിയന്ത്രണം ഉണ്ടാകും. നൈറ്റ് ലൈഫിന്റെ സവിശേഷതകളെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലുള്ള നിയന്ത്രണങ്ങളായിരിക്കും നഗരത്തിൽ ഇനി മുന്നോട്ടുവെക്കുക.















