തിരുവനന്തപുരം: കേരളത്തിൽ കലാഭവൻ മണിയുടെ സിനിമ പ്രദർശിപ്പിക്കാത്തതിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ. മണിയുടെ മികച്ച രണ്ട് സിനിമകൾ താൻ സംവിധാനം ചെയ്തത് കൊണ്ടാണോ മേളയിൽ ഉൾപ്പെടുത്താത്തതന്ന് അദ്ദേഹം ചോദിച്ചു. ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് വിനയൻ കേരളീയം പരിപാടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
“കമ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞ് നടന്നയാളാണ് മണി. അധസ്ഥിതൻ, ഒരു നേരത്തെ ആഹാരമില്ലാതെ ദാരിദ്ര്യത്തിലൂടെ കഷ്ടപ്പെട്ടു വന്ന നടൻ… നമ്മളെ ഒരുപാട് കരയിപ്പിച്ച കലാഭവൻ മണിയുടെ ഒരു പടമില്ല കേരളീയത്തിൽ. 22 സിനിമകളുടെ കൂട്ടായ്മയിൽ തെങ്ങു കയറ്റക്കാരനായ തൊഴിലാളിയായി വന്ന് കേരളത്തെ ഞെട്ടിച്ച്… അകാലത്തിൽ മരിച്ചു പോയ അയാളുടെ ചിത്രം ഉൾപ്പെട്ടിട്ടില്ല. അയാളുടെ ഏറ്റവും നല്ല രണ്ട് പടങ്ങൾ എന്റേതായി പോയി… വിനയൻ പറഞ്ഞു. കലാകാരൻമാർ എങ്കിലും സത്യസന്ധമായി സംസാരിക്കണം. അവാർഡ് കിട്ടിയില്ല, പട്ടും വളയും കിട്ടിയില്ലെന്ന് പറഞ്ഞ് ഈ മണിയടി നിർത്തണം. എവിടെ നേരുണ്ടോ അത് പറയണം” വിനയൻ പരിഹസിച്ചു.
ബാലചന്ദ്ര മേനോനും കേരളീയത്തിനെതിരെ രംഗത്ത് വന്നിരുന്നു. മലയാള സിനിമയുടെ പരിച്ഛേദം എന്ന രീതിയിൽ അവതരിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിൽ ബാലചന്ദ്രമേനോന്റെ ഒരു സിനിമ പോലും ഉൾപ്പെടുത്തിയിട്ടില്ല. തീയേറ്റർ കാണാത്ത സിനിമകൾ പോലും മലയാള സിനിമയുടെ പരിച്ഛേദമായി ഈ മേളയിൽ കാണിച്ചിരുന്നു. ചില സംവിധായകരുടെ രണ്ടു ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.















