അമരാവതി: ജമ്മുവിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ സൈനികന് ആന്ധ്ര പോലീസിന്റെ ക്രൂര മർദ്ദനം . അനകപ്പള്ളി
ജില്ലയിലെ ശാന്തബയലുവിൽ വച്ചാണ് ദിശ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ട് സൈനികനായ അലീമുള്ളയെ പോലീസ് സംഘം ചേർന്ന് മർദ്ദിച്ചത്. ബാരാമിലെ 52 രാഷ്‌ട്രീയ റൈഫിൾസ് ക്യാമ്പിലെ സൈനികനായ അലീമുള്ള രണ്ട് മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
പറവട ശാന്തബയലുവിൽ ബസ് കാത്തുനിൽക്കുകയായിരുന്നു അലിവുള്ളയോട് ഒരു കോൺസ്റ്റബിൾ എത്തി ദിശ ആപ്പ് ദിശ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ആസമയം അദ്ദേഹം തിരിച്ചറിയൽ കാർഡ് പോലീസ് കോൺസ്റ്റബിളിന് കാണിച്ചു കൊടുക്കുകയും, ആപ്പ് ഡൗൺലോഡ് ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതെ പോലീസ് സൈനികന് നേരെ ബലം പ്രയോഗിക്കുകയായിരുന്നു. തർക്കത്തിനിടെ പോലീസുകാരിൽ ചിലർ അലീമുള്ളയെ മർദ്ദിച്ചു. ഇതിനിടയിൽ അലീമുള്ളയെ ബലമായി ഓട്ടോയിൽ കയറ്റാനും പോലീസ് ശ്രമിച്ചു. എതിർത്തപ്പോൾ ഒരു കോൺസ്റ്റബിൾ അദ്ദേഹത്തെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇതിനിടെ രണ്ട് പോലീസുകാർ കൂടി സംഭവസ്ഥലത്തെത്തി അലീമുള്ളയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൂടാതെ സൈനികന്റെ തിരിച്ചറിയൽ കാർഡും പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു.
സംഭവം വിവാദമായതിനെ തുടർന്ന് അനകപ്പള്ളി എസ്പി ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരായ നാല് കോൺസ്റ്റബിൾമാരെയും അന്വേഷണവിധേയമായി സ്ഥലം മാറ്റി. സ്ത്രീ സുരക്ഷയ്‌ക്കായി ആന്ധ്ര സർക്കാർ അവതരിപ്പിച്ച ദിശ ആപ്പ് പുരുഷന്മാരുടെ മൊബൈലിൽ നിർബന്ധിതമായി ഡൗൺലോഡ് ചെയ്യുന്നത് സംശയം ജനിപ്പിക്കുന്നതാണെന്ന് വിമർശനമുയരുന്നുണ്ട്.