2016 മുതൽ ഭാരതീയആയുഷ് മന്ത്രാലയം ലോകമെമ്പാടും നടത്തുന്ന ആയുർവ്വേദ പ്രചരണത്തിന്റെ ഭാഗമായി ധന്വന്തരി ജയന്തി ആയുർവ്വേദ ദിനമായി ആചരിച്ചു വരുന്നു. ഈ വർഷം നവംബർ 10നാണ് എട്ടാമത് ലോക ആയുർവേദ ദിനമായി ആഘോഷിക്കുന്നത്. “എല്ലാ ദിവസവും എല്ലാവർക്കും ആയുർവ്വേദ” എന്നതാണ് ഈ വർഷത്തെ തീം.
പാലാഴിമഥന കാലത്ത് ചതുർബാഹുരൂപത്തിൽ മേൽക്കൈയിൽ ശംഖും ചക്രവും താഴെക്കുള്ള കയ്യിൽ അമൃതകലശവും മറ്റൊന്നിൽ അട്ടയുമായി അവതരിച്ചതാണ് ശ്രീധന്വന്തരിഭഗവാൻ. ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ദേവനായി സങ്കൽപ്പിച്ചു പോരുന്ന ശ്രീ ധന്വന്തരി ഭഗവാന്റെ ജന്മദിനമായ അശ്വിന മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം ചാന്ദ്രദിനത്തെ ധന്‍ തേരസ് ദിനമായും ആഘോഷിക്കുന്നു..
ആയുസ്സിന്റെ വേദം ആണല്ലോ ആയുർവ്വേദം.ആബാലവൃദ്ധം ജനങ്ങളും ഒരുതരത്തിൽ ആയുർവ്വേദത്തിന്റെ ഗുണഭോക്താക്കളാണ്. ഒറ്റമൂലി പ്രയോഗം മുതൽ തലയിൽ എണ്ണതേച്ചുള്ള കുളിവരെ ആയുർവേദശാസ്ത്രത്തിന്റെ സംഭാവനകളാണ്. അങ്ങനെ എല്ലാ ദിവസവും എല്ലാവർക്കും എല്ലായിടത്തും ആയുർവേദത്തിന്റെ മഹിമ എത്തിക്കുക എന്നത് ഓരോ ഭാരതീയന്റെയും കടമയാണ്..
പഞ്ചഭൂത – ത്രിദോഷ സിദ്ധാന്തങ്ങളെ അധിഷ്ഠിതമാക്കിയ പുരാതനമായ ഭാരതീയ ചികിത്സാ സമ്പ്രദായമാണ് ആയുർവ്വേദം. ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ സന്തുലിതാവസ്ഥയിൽ നിർത്തി ചികിത്സിക്കുന്ന മറ്റു വൈദ്യശാസ്ത്രങ്ങൾ വിരളമാണ്.
ആയുർവ്വേദത്തിന്റെ ഉദ്ഭവത്തെപ്പറ്റി പല ഗ്രന്ഥങ്ങളിലും പലതരത്തിലാണ് പറയപ്പെടുന്നത്. ബ്രഹ്മാവിനു സ്മരണ മാത്രയിൽ മനസ്സിൽ ഉദ്ഭുതമായ ആയുർവേദം അദ്ദേഹം ദക്ഷനും, ദക്ഷൻ അശ്വനി ദേവന്മാർക്കും, അവർ ഇന്ദ്രനും ഉപദേശിച്ചു എന്നും, ഇന്ദ്രനിൽ നിന്നാണ് ഭൂമിയിലേക്ക് ആയുർവ്വേദം പ്രചരിച്ചതെന്നും ഉള്ള കാര്യത്തിൽ എല്ലാ സാഹിത്യകാരന്മാരും ഒരേ അഭിപ്രായക്കാരാണ്. ആയുർവ്വേദം എപ്പോൾ ഉത്ഭവിച്ചു എന്ന് ആർക്കും തീർത്തു പറയാൻ വയ്യ. സൃഷ്ടിക്ക് മുൻപ് തന്നെ ബ്രഹ്മാവ് ആയുർവ്വേദം നിർമ്മിച്ചു എന്ന് ശുശ്രുതാചാര്യനും കാശ്യപനും പറയുന്നുണ്ട്. മൃഗങ്ങൾക്ക് തങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് വേണ്ട ഔഷധങ്ങളും ആഹാരങ്ങളും സ്വയം തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടല്ലോ.? മനുഷ്യൻ മൃഗങ്ങളിൽ നിന്നാണ് ഔഷധജ്ഞാനം കരസ്ഥമാക്കിയതെന്നും അങ്ങനെയാണ് വൈദ്യശാസ്ത്രം ഭൂമിയിൽ ഉരുത്തിരിഞ്ഞു വന്നതെന്നും ആണ് അർവാചീനന്മാരായ ശാസ്ത്രകാരന്മാരുടെ അഭിപ്രായം..
ആയുർവ്വേദം വേദത്തിൽ നിന്നുണ്ടായതാണെന്നാണ് മറ്റൊരു വിശ്വാസം. ഋഗ്വേദത്തിൽ നിന്നാണ് ആയുർവേദമുണ്ടായത് എന്നാണ് ചില ആയുർവ്വേദ ഗ്രന്ഥകാരന്മാരുടെ അഭിപ്രായം. എങ്കിലും ഭൂരിപക്ഷം ശാസ്ത്രകാരന്മാരും ആയുർവ്വേദം അഥർവ്വവേദത്തിൽ നിന്നുണ്ടായതാണെന്ന പക്ഷക്കാരാണ്. വൈദ്യ സംബന്ധമായ പരാമർശങ്ങൾ എല്ലാ വേദങ്ങളിലും കാണാമെങ്കിലും കൂടുതലായിട്ടുള്ളത് അഥർവ്വവ്വേദത്തിൽ തന്നെയാണെന്നുള്ളത് ഈ വാദത്തെ ബലപ്പെടുത്തുന്നു. അഥർവ്വവേദത്തിൽ ശരീരായവങ്ങളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും രോഗനിവാരണ ഉപായങ്ങൾ ആയ ഔഷധങ്ങളുടെ പ്രയോഗങ്ങളെക്കുറിച്ചും ശസ്ത്രക്രിയകളെ കുറിച്ചും വ്യക്തമായി പരാമർശിക്കുന്നുണ്ട്.. അഥർവ്വവേദം കഴിഞ്ഞാൽ പിന്നെ വൈദ്യ സംബന്ധമായ പരാമർശങ്ങൾ അധികമുള്ളത് ഋഗ്വേദത്തിലാണ്. വേദങ്ങളിൽ വച്ച് ഏറ്റവും പുരാതനമായ ഋഗ്വേദത്തിൽ തന്നെ ത്രിധാതുക്കളെപ്പറ്റി പറയുന്നതുകൊണ്ട് ആയുർവ്വേദവും, അതിന്റെ ത്രിധാതു – ത്രിദോഷ സിദ്ധാന്തവും, വേദകാലത്തിനും മുൻപ് തന്നെ പ്രചുര പ്രചാരം നേടിയിരുന്നു എന്ന് വ്യക്തമാണ്. വൈദിക കാലത്ത് തന്നെ വൈദ്യന്മാരെ അവരുടെ പ്രവർത്തിക്കനുസരിച്ച് മൂന്നുതരത്തിൽ വിഭജിച്ചിരുന്നു. ശസ്ത്രക്രിയ ചെയ്യുന്നവരെ ശല്ല്യവൈദ്യന്മാർ എന്നും ഔഷധപ്രയോഗം മാത്രം ചെയ്യുന്നവരെ ഭിഷക്കുകളെന്നും മന്ത്രവാദം ചെയ്യുന്നവരെ അഥർവ്വഭിഷക്കുകളെന്നും എന്നും ആണ് പറഞ്ഞിരുന്നത്..
ആയുർവേദത്തിലെ ശാസ്ത്രശാഖകൾ
വൈദികകാലത്ത്, അതായത് 10000 ബി സി മുതൽ 2500 ബി സി വരെ തന്നെ ആയുർവേദത്തിൽ ശരീരവിജ്ഞാനം, ശരീരക്രിയാ വിജ്ഞാനം, ദ്രവ്യവിജ്ഞാനം, രോഗനിധാനം, രോഗലക്ഷണം, ശസ്ത്രക്രിയ, പ്രസൂതികാ തന്ത്രം, ഭ്രൂണ വിജ്ഞാനീയം, എന്നീ ശാസ്ത്ര വിഭാഗങ്ങളെല്ലാം തന്നെ വളർന്നിരുന്നു എന്നതിന് വേദങ്ങളിൽ തന്നെ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. എന്നാലും സംഹിതാ കാലത്താണ് (2500 ബി സി മുതൽ 500 ബിസി വരെ) ആയുർവേദം 8 അംഗങ്ങളായി വേർപിരിഞ്ഞതും പ്രത്യേകം ഗ്രന്ഥങ്ങൾ നിർമ്മിക്കപ്പെട്ടതും. ശല്യ തന്ത്രം, ശാലാക്യ തന്ത്രം, കായ ചികിത്സ, ഭൂതവിദ്യ, കൗമാര ഭൃത്യം, അഗദ തന്ത്രം, രസായന തന്ത്രം, വാജീകരണതന്ത്രം എന്നിവയാണ് ആയുർവേദത്തിലെ 8 അംഗങ്ങൾ അഥവാ അഷ്ടാംഗങ്ങൾ.

ശല്യ തന്ത്രം
യന്ത്രശാസ്ത്രം ക്ഷാരാഗ്നി പ്രയോഗങ്ങൾ, മൂഡഗര്‍ഭചികിത്സ, പ്രാണ ചികിത്സ, ഇവയാണ് ശല്യ തന്ത്രത്തിലെ വിഷയങ്ങൾ..
ശാലാക്യ തന്ത്രം
കഴുത്തിന് മേൽപ്പോട്ടുള്ള ചെവി, കണ്ണ്, മൂക്ക്, വായ, തുടങ്ങിയ അംഗങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങളും അവയ്‌ക്കുള്ള ചികിത്സകളുമാണ് ശാലാക്ക്യ തന്ത്രത്തിലെ പ്രതിപാദ്യം..
കായ ചികിത്സ
ശരീരം മുഴുക്കെ ബാധിച്ചുണ്ടാവുന്ന ജ്വരം, പ്രമേഹം, കുഷ്ഠം, ക്ഷയം, തുടങ്ങിയ രോഗങ്ങളും അവയുടെ ചികിത്സകളുമാണ് കായചികിത്സയിൽ വരുന്നത്..
ഭൂതവിദ്യ
ഗ്രഹാവേശാദികൾക്കുള്ള ബലികർമ്മാദികളും ഔഷധ ഉപയോഗങ്ങളും അടങ്ങിയതാണ് ഭൂതവിദ്യ
കൗമാര ഭൃത്യം,
കൗമാരഭൃത്യത്തിലാകട്ടെ ബാലരോഗങ്ങൾക്കുള്ള ചികിത്സയും രോഗം വരാതെ കുട്ടികളെ എങ്ങനെ വളർത്താം എന്നതും മറ്റും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു..
അഗദ തന്ത്രം
സ്ഥാവരങ്ങളും (വിഷ വൃക്ഷാദികളിൽ നിന്നുണ്ടാവുന്നവ) ജംഗമങ്ങളും (പാമ്പ് എട്ടുകാലി തുടങ്ങിയ ജന്തുക്കളിൽ നിന്നുണ്ടാകുന്ന) ആയ എല്ലാ വിഷങ്ങളുടെയും കൃത്രിമങ്ങളായ കൂട്ടുവിഷ ങ്ങളുടെയും എല്ലാം ചികിത്സാവിധികൾ അടങ്ങിയതാണ് അഗദ തന്ത്രം
രസായന തന്ത്രം
നിത്യേന ക്ഷയിച്ചുകൊണ്ടിരിക്കുന്ന ശരീരത്തിന്റെ നാശത്തെ തടഞ്ഞ് യൗവനവും ബലവും ബുദ്ധിയും ആയുസ്സും നിലനിർത്തിക്കൊണ്ടു പോകാനുള്ള ഉപായങ്ങളാണ് രസായന തന്ത്രത്തിലെ വിഷയം.
വാജീകരണതന്ത്രം
ബീജ ദോഷങ്ങളെ തീർത്ത് ശുഭസന്താനങ്ങളെ ലഭിക്കാനുള്ള ഔഷധപ്രയോഗങ്ങളും ഷണ്ഡന്മാർക്കും വന്ധ്യകൾക്കും ഉള്ള ചികിത്സകളും വാജീകരണത്തിൽ പ്രതിപാദിക്കപ്പെടുന്നു.
ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
(ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.)
യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/dr-akshay-m-vijay/















