ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി വ്യത്യസ്തമാർന്ന പ്രചരണവുമായി രംഗത്തു വന്നിരിക്കുകയാണ് ഡൽഹി പോലീസ്. ഹെൽമറ്റ് വെയ്‌ക്കേണ്ടതിന്റെ പ്രധാന്യം പൊതുജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തതിന് ലോകകപ്പ് മത്സരത്തിനിടെ ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസിനുണ്ടായ അനുഭവം പങ്കുവെയ്‌ക്കുകയാണ് ഡൽഹി പോലീസ്. എക്സിൽ എയ്ഞ്ചലോ മാത്യൂസിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഡൽഹി പോലീസിന്റെ രസകരമായ ഉപദേശം.
ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ക്രീസില്‍ ഇറങ്ങാതെ ഒരു ബാറ്റര്‍ പുറത്തായിട്ടുണ്ടേൽ അത് എയ്ഞ്ചലോ മാത്യൂസാണ്. ബംഗ്ലാദേശ്- ശ്രീലങ്ക മത്സരത്തിൽ സ്‌ട്രൈക്ക് എടുക്കാന്‍ വൈകിയെന്ന് കാണിച്ച് ബംഗ്ലാദേശ് നൽകിയ അപ്പീലിലാണ് മാത്യൂസ് ഔട്ടാകുന്നത്. അതിന് കാരണം, ഹെൽമറ്റും. ഹെൽമറ്റിന്റെ സ്ട്രാപ്പ് തകരാറായതോടെ ഹെൽമറ്റ് മാറ്റാൻ മാത്യൂസ് ക്രീസിൽ നിന്നും മടങ്ങി പോകുകയായിരുന്നു.
മൂന്ന് മിനിറ്റിനകം മാത്യൂസ് ക്രീസിലെത്താത്തതോടെ താരത്തെ അമ്പയർ ഔട്ട് ആക്കുകയും ചെയ്തു. സ്ട്രൈക്ക് ചെയ്യാൻ കഴിയാതെ ഔട്ട് ആയി മടങ്ങേണ്ടി വന്ന എയ്ഞ്ചലോ മാത്യൂസിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഡൽഹി ട്രാഫിക് പോലീസിന്റെ ബോധവത്ക്കരണം. നല്ല ഹെൽമറ്റുകൾ ധരിക്കണമെന്നാണ് പോലീസിന്റെ ഉപദേശം. വളരെ വ്യത്യസ്തമാർന്ന ഈ പ്രചരണം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.