ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾ രാജ്യമെങ്ങും അലയടിക്കുമ്പോൾ ആത്മനിർഭർ ഭാരതത്തിനോടൊപ്പം ചേരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശം. തദ്ദേശീയമായി നിർമ്മിച്ചടുത്ത ഉത്പന്നങ്ങൾ വാങ്ങി അതിനൊപ്പമോ അല്ലെങ്കിൽ അവ നിർമ്മിച്ച വ്യക്തിയ്‌ക്കൊപ്പമോ സെൽഫികൾ എടുത്ത് പങ്കുവെയ്‌ക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. ചിത്രങ്ങൾ പകർത്തിയ ശേഷം അവ ‘നമോ’ ആപ്പിൽ പങ്കുവയ്‌ക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
” ഈ ദീപാവലി ഭാരതത്തിന്റെ സംരംഭകത്വത്തിനൊപ്പവും സർഗ്ഗാത്മകതയ്‌ക്കൊപ്പവും ആഘോഷിക്കാം. തദ്ദേശീയമായി നിർമ്മിച്ചെടുത്ത ഉത്പന്നങ്ങൾ വാങ്ങുക. തുടർന്ന് അവയ്‌ക്കൊപ്പമോ അത് നിർമ്മിച്ച വ്യക്തിയ്‌ക്കൊപ്പമോ സെൽഫികൾ എടുത്ത ശേഷം നമോ ആപ്പിൽ ( https://narendramodi.in/vocal4local) #VocalForLocal എന്ന ഹാഷ്ടാഗിൽ പങ്കുവയ്‌ക്കുക. നിങ്ങളോടൊപ്പം കുടുംബാംഗങ്ങളെയും ഇതിലേക്ക് ക്ഷണിച്ച് ഭാരതത്തിന്റെ തേജസ്സുയർത്തുക.” – പ്രധാനമന്ത്രി കുറിച്ചു.
തദ്ദേശീയ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവരെ പിന്തുണയ്‌ക്കുന്നതിനും അവരുടെ സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ ഡിജിറ്റൽ മീഡിയയുടെ ശക്തി പ്രയോജനപ്പെടുത്തണമെന്ന നിർദ്ദേശവും പ്രധാനമന്ത്രി മുന്നോട്ട് വച്ചു. വിനോദ സഞ്ചാരത്തിനോ തീർത്ഥാടനത്തിനോ പോകുന്നവർ പ്രാദേശീയമായി നിർമ്മിച്ച കരകൗശല വസ്തുക്കൾ വാങ്ങണമെന്നും യുപിഐ സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്തണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നടത്തുന്ന റേഡിയോ പരിപാടിയായ മൻകി ബാത്തിലും ‘വോക്കൽ ഫോർ ലോക്കൽ’ എന്ന ആശയത്തെ മുൻനിർത്തിയായിരിക്കും പരിപാടികൾ അവതരിപ്പിക്കുക.