ന്യൂഡൽഹി: കൊറോണ-ലോക്ക്ഡൗൺ സമയത്ത് വിമാന ടിക്കറ്റ് ബുക്കിംഗിൽ തീർപ്പാക്കാത്ത റീഫണ്ടുകൾ യാത്രികർക്ക് ഉടൻ നൽകണമെന്ന് കേന്ദ്രത്തിന്റെ നിർദ്ദേശം. ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് അടുത്ത ആഴ്ചയോടെ റീഫണ്ടുകൾ നൽകാൻ ട്രാവൽ പോർട്ടലുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ലോക്ക്ഡൗൺ കാലഘട്ടത്തിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ പണം തിരികെ നൽകുന്നത് വേഗത്തിലാക്കാൻ തീരുമാനിച്ചത്. ഇതിനുപുറമെ ഉപഭോക്തൃ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിന് ഓംബുഡ്‌സ്മാനെ നിയമിനക്കുന്നതിനും പരാതികൾ ഫലപ്രദമായി പരിഹരിക്കുന്നതിൽ എയർ സേവാ പോർട്ടലുമായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ സംയോജിപ്പിക്കാനും തീരുമാനമായി.
കൊറോണ വൈറസ് രാജ്യമാകെ പടർന്നപ്പോൾ 2020 മാർച്ച് 25 മുതൽ നിശ്ചിത കാലയളവിലേക്കാണ് രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഈ കാലഘട്ടത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തിരുന്നു. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രികരുടെ പണം ഈ മാസത്തോടെ മുഴുവനായും കൊടുത്തു തീർക്കാനാണ് ഇപ്പോൾ ട്രാവൽ ഏജൻസികൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്.















