ധന്വന്തരി ജയന്തി (നവംബർ 10 , തുലാം 24 വെള്ളിയാഴ്ച) ; അറിയേണ്ടതെല്ലാം.

ആശ്വിന മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഭഗവാൻ ക്ഷീരസമുദ്രത്തിൽ നിന്നും ഉയർന്നുവന്നത്

Published by
Janam Web Desk

പാലാഴിമഥനസമയത്ത് കയ്യിൽ അമൃതകുംഭവുമായി ഉയർന്നു വന്ന, മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരി ഭഗവാൻ. മഹാവിഷ്ണുവിന്റെ 24 അവതാരങ്ങളെ കുറിച്ച് ഭാഗവതം പ്രഥമ സ്കന്ധത്തിലെ തൃതീയ അധ്യായത്തിൽ വിവരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ പന്ത്രണ്ടാമത്തെ അവതാരമായാണ് ധന്വന്തരി മൂർത്തിയെ പരാമർശിക്കുന്നത്. (ധാന്വന്തരം ദ്വാദശമം എന്ന് തുടങ്ങുന്ന 17 ആം ശ്ലോകത്തിൽ)

ചാന്ദ്രസമ്പ്രദായ പ്രകാരമുള്ള ആശ്വിന മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഭഗവാൻ ക്ഷീരസമുദ്രത്തിൽ നിന്നും ഉയർന്നുവന്നത്. അതിനാൽ ഈ ദിനം ധന്വന്തരി ജയന്തി എന്ന പേരിൽ അറിയപ്പെടുന്നു. ധന്വന്തരി ത്രയോദശി എന്നു കൂടി ഈ ദിവസത്തെ വിശേഷിപ്പിക്കാറുണ്ട്.

ഈ വർഷം നവംബർ 10 (തുലാം 24) വെള്ളിയാഴ്ചയാണ് ധന്വന്തരി ജയന്തി ആചരിക്കുന്നത്. അന്നേ ദിവസം ധന്വന്തരീ ക്ഷേത്രത്തിൽ നടത്തുന്ന പൂജകൾക്കും വഴിപാടുകൾക്കും സവിശേഷ ഫലസിദ്ധിയുണ്ടത്രേ. ആയുരാരോഗ്യ സമ്പദ്സമൃദ്ധിക്കു ധന്വന്തരി ജയന്തി ദിനത്തിൽ ക്ഷേത്രദർശനം നടത്തുന്നതും ഉത്തമമാണ്.

ചതുർബാഹു ആയിട്ടാണ് ഭഗവാന്റെ സ്വരൂപം. നാല് കൈകളിൾ ഓരോന്നിലായി ശംഖ്, ചക്രം, ജളൂകം, അമൃതകുംഭം എന്നിവയാണുള്ളത്. ധന്വന്തരിപൂജയ്‌ക്ക് ഉപയോഗിക്കുന്ന പ്രധാന പുഷ്പങ്ങൾ കൃഷ്ണതുളസി, മന്ദാരം, ചെത്തി എന്നിവയാണ്. പാൽപ്പായസം, കദളിപ്പഴം എന്നിവയാണ് പ്രധാന നിവേദ്യങ്ങള്‍.

ദേവന്മാരുടെ വൈദ്യനും, ആയുസ്സിനെയും ചികിത്സയേയും സംബന്ധിച്ച ഉപവേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന അനുഷ്ഠാനം നിലവിലുണ്ട്.
രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരീമൂർത്തിയെ കൂടി പ്രാർത്ഥിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിശ്വാസവും അനുഭവവും.

ധന്വന്തരിമൂർത്തിയെ പ്രതിഷ്ഠിച്ചിട്ടുള്ള 33 ൽ അധികം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. മഹാവിഷ്ണുവിനെ ധന്വന്തരീ ഭാവത്തിൽ പൂജിക്കുന്ന ക്ഷേത്രങ്ങളുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ ഇത് 50 ൽ അധികമാകും. ഇതിൽ ഒട്ടുമിക്ക ക്ഷേത്രങ്ങൾക്കും ഏകദേശം 1500 – 2000 വർഷം പഴക്കം കണക്കാക്കപ്പെടുന്നു. വൈദ്യന്മാരുടെ കർമ്മപുഷ്ടി, നിർമ്മിക്കുന്ന ഔഷധങ്ങളുടെ ഫലസിദ്ധി വർദ്ധിപ്പിക്കൽ, മാറാവ്യാധികളുടെ നാശം, പകർച്ച വ്യാധികളുടെ നിർമ്മാർജ്ജനം, ജനങ്ങളുടെ ആരോഗ്യവൃദ്ധി ഇത്യാദി വിഷയങ്ങളിലേക്ക് ഈശ്വരാധീനം ഉണ്ടാകണം എന്ന പ്രാർത്ഥനയോടെയാണ് ഓരോ ദേശങ്ങളിലും ധന്വന്തരി മൂർത്തിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്.ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രധാന ഭിഷഗ്വരന്മാരുടെ (അഷ്ടവൈദ്യന്മാർ ഉൾപ്പെടെ) നിർദ്ദേശപ്രകാരം നാടുവാഴികളോ രാജാക്കന്മാരോ ആണ് ക്ഷേത്രനിർമ്മാണത്തിന് മുൻകൈ എടുത്തിട്ടുള്ളത് എന്ന് ചരിത്രത്തിൽ കാണാം.
ആകുലത, മാനസിക സംഘർഷം, രോഗാദിദുരിതങ്ങൾ എന്നിവയാൽ ക്ലേശം അനുഭവിക്കുന്നവർക്ക് ആശ്വാസദായകമാണ് ധന്വന്തരി ഭജനം.

ധന്വന്തരി ധ്യാനം :

ചക്രം ശംഖം ജളൂകം ദധതമമൃത
കുംഭം ച ദോർഭിശ്ചതുർഭി:
സൂക്ഷ്മസ്വച്ഛാതിഹൃദ്യാം
ശുകപരിവിലസ-
ന്മൗലിമംഭോജനേത്രം
കാളാംഭോദോജ്വലാംഗം കടിതടവിലസ-
ച്ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരിം തം നിഖിലഗദവന-
പ്രൗഢദാവാഗ്നിലീലം

ധന്വന്തരീ മന്ത്രം

“ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരിമൂർത്തയേ അമൃതകലശഹസ്തായ
സർവാമയവിനാശായ ത്രൈലോക്യനാഥായ
മഹാവിഷ്ണവേ സ്വാഹാ”

( മന്ത്രത്തിലെ “ധന്വന്തരിമൂർത്തയേ” എന്നതിന് “ധന്വന്തരയേ” എന്നും, “സ്വാഹാ” എന്നതിന് “നമ:” എന്നും പാഠദേദങ്ങളുമുണ്ട് )

ധന്വന്തരീ സ്തുതി

“ഓം നമാമി ധന്വന്തരിം ആദിദേവം
സുരാസുരൈഃ വന്ദിത പാദപത്മം
ലോകേ ജരാരുഗ്ഭയ മൃത്യുനാശം
ദാതാരമീശം വിവിധൗഷധീനാം”

മറ്റൊരു സ്തുതി ഇപ്രകാരമാണ്

“ധന്വന്തരിമഹം വന്ദേ
വിഷ്ണുരൂപം ജനാർദ്ദനം
യസ്യ കാരുണ്യ ഭാവേന
രോഗമുക്താ ഭവേത്ജനാ”

ധന്വന്തരീ ഗായത്രി :

“ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്”

ഔഷധ സേവയ്‌ക്കു മുമ്പേ ജപിക്കുന്ന മന്ത്രം :

“അച്യുതാനന്ദ ഗോവിന്ദ
വിഷ്ണോ നാരായാണാമൃത
രോഗാൻ മേ നാശയശേഷാൻ
ആശു ധന്വന്തരേ ഹരേ”

ആയുർവേദത്തെ അഷ്‌ടാംഗങ്ങൾ അഥവാ എട്ടു ഭാഗങ്ങളായി വിഭജിച്ചതും, പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്‌ത്രമാക്കി പരിപോഷിപ്പിച്ചതും ധന്വന്തരിയുടെ ഉപദേശപ്രകാരമാണത്രേ.

ഔപധേനവൻ, ഔരദ്രൻ, പൗഷ്‌കലാവതൻ, കരവീര്യൻ, ഗോപുരരക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ധന്വന്തരിയുടെ പ്രധാനശിഷ്യരായിരുന്നു.

എഴുതിയത് ഡോ: പി എസ് മഹേന്ദ്രകുമാർ
ഫോൺ : 9947943979
(ജ്യോതിഷ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ: പി എസ് മഹേന്ദ്രകുമാർ അറിയപ്പെടുന്ന ഒരു ജ്യോതിഷ വിശാരദനാണ്) ..

Share
Leave a Comment