അന്നം ഊട്ടുന്ന കരങ്ങളാണ് കർഷകരുടേത്. എന്നും നന്ദിയോടെ ഓർക്കപ്പെടേണ്ട സമൂഹമാണ് കർഷകർ. കാർഷിക വൃത്തി ഒന്ന് കൊണ്ട് മാത്രം ജീവിതത്തെ മുന്നോട്ട് നയിച്ചിരുന്ന ഒരു സമൂഹമാണ് ഇന്ന് അരിക്കും പച്ചക്കറിക്കും വരെ മറ്റ് പുറം നാടുകളെ ആശ്രയിക്കുന്നത്.
കാർഷിക മേഖലയ്‌ക്ക് ആവശ്യത്തിന് താങ്ങ് നൽകാത്തതും സർക്കാരിന്റെ അവഗണനയുമാണ് കേരളത്തിലെ കർഷകരെ പരമ്പരാഗത കൃഷിയിൽ നിന്നും പിന്നോട്ടേക്ക് നയിക്കുന്നത്. ഉള്ള കൃഷിക്ക് വില ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
എന്നാൽ കൃഷിയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കർഷകരുടെ ഉന്നമനത്തിനായി വിവിധ തരത്തിലുള്ള കാർഷിക പദ്ധതികളാണ് കേന്ദ്രം ആവിഷ്കരിച്ചിരിക്കുന്നത്. തൊഴിലും സമ്പാദ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കേന്ദ്ര പദ്ധതികളെ അറിയാം..
1) പ്രധാനമന്ത്രി ഫസൽ ബീമാ യോജന-PMFBY
വിള നഷ്ടമോ നാശനഷ്ടമോ അനുഭവിക്കുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണിത്. 2016-ലാണ് പ്രധാനമന്ത്രി ഫസൽ ബീമാ യോജന അവതരിപ്പിച്ചത്. അപ്രതീക്ഷിതമായി എത്തുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്നോ മറ്റ് ദുരന്തങ്ങളിൽ നിന്നോ കർഷകന് സംരക്ഷണമേകുന്നു.
ഇതിന് പുറമേ നൂതനമായ കാർഷിക രീതികളെ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതി വഴി സഹായിക്കും. കൃഷി, ക്ഷേമം എന്നിവയുടെ വികസനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഇൻഷുറൻസ് കമ്പനി വഴിയാണ് ഇത് നടപ്പിലാക്കുന്നത്.
2) കിസാൻ ക്രെഡിറ്റ് കാർഡ്
1998-ൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. കർഷകർക്ക് ആവശ്യമായ വായ്പ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ക്രെഡിറ്റ് കാർഡ് വായ്പ സംവിധാനമാണിത്. അതായത്, വായ്പയ്‌ക്കൊപ്പം എടിഎം കാർഡിന് സമാനമായ ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡും കർഷകന് ലഭിക്കുന്നു. ഈ കാർഡ് ഉപയോഗിച്ച് കർഷകന് എപ്പോൾ വേണമെങ്കിലും പണം എടിഎം വഴി പിൻവലിക്കാനും തിരിച്ചടയ്‌ക്കാനും സാധിക്കും. ഏതൊരു സമയത്തും എടുക്കപ്പെട്ടിട്ടുള്ള പണത്തിന് മാത്രമേ പലിശ ഈടാക്കുകയുള്ളൂ. സ്വന്തമായി കൃഷിഭൂമിയുള്ള ആർക്കും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാവുന്നതാണ്.
3) പരമ്പരാഗത് കൃഷി വികാസ് യോജന- PMVY
കൃഷി മന്ത്രാലയത്തിന്റെ ഏറ്റവും ജനപ്രിയമായ കാർഷിക പദ്ധതികളിലൊന്നാണ് പരമ്പരാഗത് കൃഷി വികാസ് യോജന. പേര് പോലെ തന്നെ പരമ്പരാഗത കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ മൂന്ന് വർഷത്തിലും ഹെക്ടറിന് 50,000 രൂപ എന്ന നിലയിൽ കർഷകന് സഹായം നൽകുകയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. കൃഷിക്ക് പുറമേ ജൈവ വളത്തിനും അവ കൃഷിയിടത്തിലേക്ക് എത്തുന്നതിനായുള്ള ട്രാൻസ്പോർട്ടേഷൻ ഫീസ് എന്നിവ ഉൾപ്പെടെ സർക്കാർ നൽകും. ജൈവകീടനാശിനികളുടെയും ജൈവവളങ്ങളുടെയും ഉപയോഗം വർദ്ധിപ്പിച്ച്
രാസവളങ്ങളുടെയും മറ്റും അമിത ഉപയോഗം കുറയ്‌ക്കാൻ ഈ പദ്ധതി സഹായിക്കും.
4) സുസ്ഥിര കാർഷിക ദേശീയ മിഷൻ-NMSA
കൃഷി കൂടുതൽ സുസ്ഥിരവും ഉത്പാദനക്ഷമവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്. കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിൽ കാർഷിക രീതികളിലെ മാറ്റം നിർണായക പങ്ക് വഹിക്കുന്നു. മികച്ച കാർഷിക സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുകയാ് പദ്ധതി വഴി ചെയ്യുന്നത്.
ജലസ്രോതസ്സുകളുടെ കാര്യക്ഷമായ വിനിയോഗത്തിന് സഹായിക്കുന്ന പുതിയ വിദ്യകൾ പ്രോത്സാഹിപ്പിക്കുക, മണ്ണിന്റെ ഭൂവിനിയോഗ മാതൃകയുടെ സർവേ, സ്ഥലത്തെയും വിളയുടെ തരത്തെയും അടിസ്ഥാനമാക്കിയുള്ള പോഷക സമ്പ്രാദയങ്ങളുടെ പ്രോത്സാഹനം എന്നിവയ്‌ക്കാണ് പദ്ധതി ഊന്നൽ നൽകുന്നത്.
5) പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന-PMKSY
കൃഷിഭൂമിയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിഭവങ്ങളുടെ മെച്ചപ്പെട്ട വിനിയോഗത്തിനുമായി 2014-ആണ് പദ്ധതി ആവിഷ്കരിക്കുന്നത്. രാജ്യത്തെ എല്ലാ കാർഷിക ഫാമുകളിലും സംരക്ഷണ ജലസേചനത്തിനുള്ള മാർഗ്ഗങ്ങളിലേക്ക് പ്രവേശനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒഴുകുന്ന ജലം ഫലപ്രദമായി കൈകാര്യം ചെയ്യൽ, മണ്ണ്, ഈർപ്പം എന്നിവയുടെ സംരക്ഷണ ഉപാധികളായ കുന്നിൻ പ്രദേശങ്ങളെ തട്ടുകളാക്കുന്ന പ്രവർത്തനം, അഴുക്കു ചാൽ നിർമ്മാണം, മഴവെള്ളസംരക്ഷണം, തനതായ അവസ്ഥയിലുള്ള ഈർപ്പ സംരക്ഷണം, നീർത്തട അടിസ്ഥാനത്തിലുള്ള മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ.















