ടൈംഡ് ഔട്ടിലൂടെ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെതിരെ പ്രതിഷേധം തണുക്കുന്നില്ല. മുന്‍താരങ്ങളും നിലവിലെ താരങ്ങളം ഷാക്കിബിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ഷാക്കിബിന്റെ പിടിവാശിയാണ് മാത്യൂസിന്റെ വിചിത്ര പുറത്താകലിന് നയിച്ചതെന്നായിരുന്നു വിമര്‍ശനങ്ങളിലേറെയും.
സദീര സമരവിക്രമ പുറത്തായതിനു പിന്നാലെ ഹെല്‍മറ്റിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താരം ക്രീസിലെത്താന്‍ വൈകിയതാണ് ടൈംഡ് ഔട്ടിലൂടെ താരം പുറത്താകാന്‍ കാരണമായത്. ഷാക്കിബ് അല്‍ ഹസന്റെ അപ്പീലിനെ തുടര്‍ന്നായിരുന്നു ഇത്.
ഇപ്പോള്‍, മാത്യൂസിന്റെ സഹോദരന്‍ ട്രെവിസും ഷാക്കിബിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഷാക്കിബ് ശ്രീലങ്കയിലെത്തിയാല്‍ കല്ലെറിയപ്പെടുമെന്നാണ് ട്രെവിസ് പറഞ്ഞത്.
‘ഞങ്ങള്‍ വളരെ നിരാശരാണ്. ബംഗ്ലാദേശ് ക്യാപ്റ്റന് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഇല്ല, മാന്യന്‍മാരുടെ കളിയില്‍ മനുഷ്യത്വം കാണിച്ചില്ല. ഷാക്കിബിനെ ശ്രീലങ്കയിലേക്ക് ക്ഷണിക്കില്ല. ഏതെങ്കിലും അന്താരാഷ്‌ട്ര മത്സരമോ എല്‍.പി.എല്‍ മത്സരങ്ങള്‍ കളിക്കാന്‍ അയാള്‍ ഇവിടെ വന്നാല്‍ ആരാധകര്‍ അദ്ദേഹത്തിന് നേരെ കല്ലെറിയും, അല്ലെങ്കില്‍ ആരാധകരുടെ അസഭ്യവര്‍ഷം നേരിടേണ്ടിവരും’-ട്രെവിസ് പറഞ്ഞു. സനത് ജയസൂര്യ അടക്കമുള്ള ഇതിഹാസ താരങ്ങളും വിചിത്ര ഔട്ടില്‍ പ്രതികരണം നടത്തിയിരുന്നു. അമ്പയര്‍മാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയാണ് അദ്ദേഹം എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്.