ആപ്പിളിന്റെ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാക്കിനെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. 73 കാരനായ സ്റ്റീവിനെ മെക്സിക്കൻ തലസ്ഥാനത്തെ വേൾഡ് ബിസിനസ് ഫോറം പരിപാടിയിൽ പങ്കെടുക്കാനായി എത്തിയപ്പോഴാണ് രോഗലക്ഷണം അനുഭവപ്പെട്ടതെന്ന് വാർത്ത ഏജൻസിയായ റോയ്ട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ചികിത്സ തേടാൻ വിസമ്മതിച്ച അദ്ദേഹത്തെ ഭാര്യ നിർബന്ധിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ പരിശോധനയ്‌ക്കായി യുഎസിൽ നിന്ന് ഒരു സംഘം ഡോക്ടർമാർ മെക്സിക്കോയിലേക്ക് തിരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
1976-ൽ സ്റ്റീവ് ജോബ്‌സുമായി ചേർന്നാണ് സ്റ്റീവ് വോസ്‌നിയാക് ആപ്പിൾ കമ്പ്യൂട്ടർ സ്ഥാപിച്ചത്. ആപ്പിളിന്റെ കടന്നു വരവ്
കമ്പ്യൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന നിലയിലുള്ള ആപ്പിളിന്റെ ഉയർച്ച വളരെ പെട്ടെന്ന് ആയിരുന്നു. ലാപ്‌ടോപ്പുകൾ, ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ, ഐഫോൺ എന്നിവയുൾപ്പെടെ ആപ്പിൾ പുറത്തിറക്കിയ എല്ലാം ഉൽപ്പന്നങ്ങളും ടെക്നോളജിയിൽ ബഹുദൂരം മുന്നിലാണ്.
ആപ്പിളിൽ നിന്ന് പിരിഞ്ഞ ശേഷം, വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന വീൽസ് ഓഫ് സിയൂസ് എന്ന കമ്പനി അദ്ദേഹം ആരംഭിച്ചു. നാഷണൽ മെഡൽ ഓഫ് ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ, ട്യൂറിംഗ് അവാർഡ്, നാഷണൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിം, കാലിഫോർണിയ ഹാൾ ഓഫ് ഫെയിം എന്നിവയുൾപ്പെടെ കമ്പ്യൂട്ടിങ് രംഗത്തെ നിരവധി അവാർഡുകൾ സ്റ്റീവ് വോസ്‌നിയാക് നേടിയിട്ടുണ്ട്.