മെസേജ് കണ്ടിട്ടും റിപ്ലൈ തന്നില്ലെന്ന് പലപ്പോഴും ഇൻസ്റ്റഗ്രാം സൗഹൃദങ്ങളിലെ പരാതിയാണ്. എന്നാൽ ഇനി ഇത്തരത്തിലൊരു പരാതി ഉണ്ടാകില്ല. വാട്‌സ്ആപ്പിലേതിന് സമാനമായി റീഡ് റെസീപ്റ്റ് ഓഫ് ചെയ്യുന്നതിനുള്ള ഫീച്ചർ ഇൻസ്റ്റഗ്രാമിലും എത്തി. മെറ്റാ മേധാവി മാർക്ക് സക്കർബർഗാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം മുഖേന പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസാരി വരാനിരിക്കുന്ന ടോഗിളിന്റെ സ്‌ക്രീൻ ഷോട്ടും പങ്കുവെച്ചു.
സ്വകാര്യതയും സുരക്ഷയും എന്ന വിഭാഗത്തിലാണ് പുതിയ ഫീച്ചർ ഉൾപ്പെട്ടിരിക്കുന്നത്. ഇത് ആദം മൊസാരി പങ്കുവെച്ച സ്‌ക്രീൻ ഷോട്ടിൽ നിന്നും വ്യക്തമാണ്. നിലവിൽ വാട്ട്‌സ്ആപ്പിൽ ഇത്തരത്തിലൊരു സംവിധാനം ലഭ്യമാണ്. എന്നാൽ എന്ന് മുതൽ ഇൻസ്റ്റഗ്രാമിൽ ഈ ഫീച്ചർ ലഭ്യമാകുമെന്നത് സംബന്ധിച്ച് പോസ്റ്റിൽ പറഞ്ഞിട്ടില്ല.
അടുത്ത അപ്‌ഡേറ്റിൽ ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഫേസ്ബുക്ക് മെസഞ്ചറിലും ഇത്തരത്തിലൊരു സംവിധാനം നിലവിൽ വന്നിട്ടില്ല.















