ന്യൂഡൽഹി: രാജ്യത്തിന് ‘ധൻതേരസ്’ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ കുടുംബാംഗങ്ങൾക്കും ആരോഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ധൻതേരസ് ദിനത്തിൽ ആശംസകൾ നേരുന്നു. ധന്വന്തരി ഭഗവാന്റെ അനുഗ്രഹത്താൽ, നിങ്ങൾ എല്ലാവരും ആരോഗ്യവാന്മാരും ഐശ്വര്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു.. സമൂഹമാദ്ധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്.
രാജ്യത്തുടനീളം ആഘോഷിക്കുന്ന ഒരു ഹൈന്ദവ ആഘോഷമാണ് ധൻതേരസ് അഥവാ ധന ത്രയോദശി. ആശ്വിന മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ആണ് ധനത്രയോദശി ആയി ആചരിക്കുന്നത്. അന്നാണ് ഭഗവാൻ ധന്വന്തരിയുടെ ആവിർഭാവ ദിനം. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷത്തിന്റെ തുടക്കമായിട്ടാണ് ധൻതേരസ് ആഘോഷിക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷത്തിന്റെ ആരംഭമാണിത്.
പാലാഴി കടഞ്ഞപ്പോൾ അമൃത കുംഭവുമായിട്ടാണ് ഭഗവാൻ ധന്വന്തരി ഉയർന്നു വന്നതെങ്കിൽ അന്നേ ദിവസം തന്നെയാണ് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും അധിദേവതയായ ലക്ഷ്മി ദേവിയും പലാഴിയിൽ നിന്നും ഉയർന്നു വന്നതെന്നാണ് ഐതീഹ്യം. അത് കൊണ്ട് അതേ ദിവസം തന്നെ ധൻതെരസ് ആയി ആഘോഷിക്കുന്നു .
സിദ്ധി വിനായക ഗണേശനേയും സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയേയും കുബേരനേയും ആരാധിക്കുന്ന ആഘോഷിക്കുന്ന ഉത്സവമാണ് ധൻതേരസ്. കൂടാതെ ജീവിതത്തിൽ പുതിയ കാര്യങ്ങൾ തുടങ്ങാൻ വളരെ അനുയോജ്യമായ ദിവസം കൂടിയാണ് ഇത്.
സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, പാത്രങ്ങൾ, അടുക്കള ഉപകരണങ്ങൾ, വാഹനങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയെല്ലാം വാങ്ങാൻ അനുയോജ്യമാണ് ഈ ദിവസം. ഈ ദിവസം ചൂലുകൾ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായും, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ധൻതെരസ് ധന്വന്തരി ജയന്തി ദിനാശംസകൾ നേർന്നു.















