കണ്ണൂർ: കടംകൊടുത്ത വാച്ച് തിരികെ ചോദിച്ചതിന് യുവാവിന്റെ മൂക്ക് ഇടിച്ച് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശി മുഹമ്മദ് ഹുസൈനാണ് അറസ്റ്റിലായത്. സുഹൃത്ത് റിയാസിനെയായിരുന്നു ഇയാൾ ആക്രമിച്ചത്.
ഇരിക്കൂർ പാമ്പുരുത്തി നിവാസിയാണ് പ്രതി. നെടുവള്ളൂർ സ്വദേശിയായ റിയാസ് പ്രതിയുടെ സുഹൃത്തായിരുന്നു. റിയാസിന് മറ്റൊരു സുഹൃത്ത് സമ്മാനിച്ച 5,000 രൂപയുടെ വാച്ചാണ് മുഹമ്മദ് ഹുസൈന് അണിയാൻ നൽകിയത്. കുറച്ച് ദിവസത്തേക്ക് ഉപയോഗിക്കാനായിരുന്നു ഹുസൈൻ വാങ്ങിയതെങ്കിലും ഇത് റിയാസിന് തിരിച്ചുകൊടുത്തില്ല. തുടർന്ന് വാച്ച് തിരികെ നൽകണമെന്ന് റിയാസ് പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ദിവസം ഒരു അടിപിടി കേസിന്റെ ഭാഗമായി കണ്ണൂർ കോടതിയിൽ ഹാജരായി മടങ്ങുന്നതിനിടെ ഇരിക്കൂർ ടൗണിൽ വച്ച് റിയാസും ഹുസൈനും വാച്ചിന്റെ പേരിൽ ഉന്തും തള്ളുമായി. ഒടുവിൽ കയ്യിലുണ്ടായിരുന്ന സ്റ്റീൽ വള കൊണ്ട് റിയാസിന്റെ മൂക്ക് അടിച്ചുപൊട്ടിക്കുകയായിരുന്നു ഹുസൈൻ. മൂക്കിന്റെ പാലം തകർന്നതിന് പിന്നാലെ ശസ്ത്രക്രിയ ചെയ്യേണ്ടി വന്ന റിയാസ് പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ ഹുസൈൻ നിലവിൽ റിമാൻഡിലാണ്.















