പുതിയ സ്ട്രീമിംഗ് സേവനത്തിന് തുടക്കം കുറിച്ച് നാസ. നാസ പ്ലസ് എന്നാണ് പ്ലാറ്റ്‌ഫോമിന് പേര് നൽകിയിരിക്കുന്നത്. നാസയുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ഉപയോക്താക്കൾക്ക് വേണ്ടി പൂർണമായും സൗജന്യ സേവനമാണ് നാസ ഒരുക്കിയിരിക്കുന്നത്. വെബ് ബ്രൗസറിലൂടെയും നാസ ആപ്പ് മുഖേനയും സേവനം ആസ്വദിക്കാനാകും. ഇതിൽ പരസ്യങ്ങൾ ഉണ്ടാവില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. plus.nasa.gov എന്ന യുആർഎൽ മുഖേനയും നാസ പ്ലസ് വെബ്‌സൈറ്റിൽ സന്ദർശിക്കാവുന്നതാണ്.
ഇതിൽ ആൻഡ്രോയിഡ് -ഐഒഎസ് ആപ്പുകളും ലഭ്യമാണ്. ആപ്പിൾ ടിവി, റോകു എന്നീ പ്ലാറ്റ്‌ഫോമുകളിലും നാസ പ്ലസ് ലഭ്യമാകുന്നതാണ്. നിലവിൽ നാസ ആപ്പ് ഇൻസ്റ്റാൾ ചെയ്തവർ ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ പുതിയ സേവനം ആസ്വദിക്കാനാകും. ബഹിരാകാശം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാകും നാസ പ്ലസിൽ ഉണ്ടാകുക. ഇവയിൽ ഒറിജിനൽ സീരിസും ഉൾപ്പെടുന്നു. കഴിഞ്ഞ ജൂലൈയിലാണ് നാസ പ്ലസ് എന്ന പേരിൽ പുതിയ സ്ട്രീമിംഗ് സേവനം ആരംഭിക്കുന്ന വിവരം നാസ പ്രഖ്യാപിച്ചത്.
ജെയിംസ് വെബ് ദൂരദർശിനിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ, കുട്ടികൾക്ക് വേണ്ടി വിവിധ ഗ്രഹങ്ങൾ, പ്രപഞ്ചം, നാസയെക്കുറിച്ചും ബഹിരാകാശ സഞ്ചാരികളെ കുറിച്ചും ആനിമേറ്റഡ് പരിപാടികളും നാസ പ്ലസിൽ ഉണ്ടാകും. ആർട്ടെമിസ് 1, അതർ വേൾഡ്‌സ്: പ്ലാനെറ്റ്‌സ്, ഫസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ള ഡോക്യുമെന്ററികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ഭൂരിഭാഗം ഉള്ളടക്കങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ പരിപാടികളുടെ തത്സമയ സ്ട്രീമിംഗും നാസ പ്ലസിലുണ്ടാകും.