ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഗോരഖ്‌നാഥ് ക്ഷേത്ര മഹന്തുമായ യോഗി ആദിത്യനാഥിനെ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണിച്ച് രാമ ജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രഷറർ ഗോവിന്ദ്ഗിരി മഹാരാജും. 2024 ജനുവരി 22-നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ്.
” ഗോരഖ്‌നാഥ് ക്ഷേത്രമഹന്തും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ക്ഷണിക്കാനാണ് ഞങ്ങൾ ഇന്ന് ഇവിടെ വന്നത്. 2024 ജനുവരി 22-നാണ് ചടങ്ങ് നടക്കുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുക്കും. വർഷങ്ങൾക്കു ശേഷം അയോദ്ധ്യ യഥാർത്ഥ സ്ഥിതിയിലേക്ക് വരുന്ന കാഴ്ചയാണ് അടുത്ത വർഷത്തോടെ പൂർത്തിയാകുന്നത്.”- രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റ് ട്രഷറർ പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള മറ്റു ആചാരങ്ങൾ 2024 ജനുവരി 16-നാണ് ആരംഭിക്കുക. വാരണാസിയിൽ നിന്നുള്ള വേദാചാര്യൻ ലക്ഷ്മികാന്ത് ദിക്ഷിതാണ് രാംലല്ല പ്രാണപ്രതിഷ്ഠാ ചടങ്ങിന് കാർമികത്വം വഹിക്കുന്നത്. ശാസ്ത്രജ്ഞന്മാർ, പരംവീർ ചക്രജേതാക്കൾ, കലാകാരന്മാർ തുടങ്ങിയവരടക്കം 2,500ഓളം വിശിഷ്ടാതിഥികളാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത്.