ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി പ്രസാദിന് ചികിത്സ വൈകിപ്പിച്ചതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. പ്രസാദിനെ തകഴിയ്‌ക്കടുത്തുള്ള വലിയ ആശുപത്രി എന്ന നിലയിലാണ് മെഡിക്കൽ കോളേജിലെത്തിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാൽ ഡ്രിപ്പ് മാത്രമാണ് നൽകിയത്. ഏത് വിഷമാണ് കഴിച്ചതെന്ന് വ്യക്തമാക്കി അതിന്റെ കുപ്പി സഹിതം ആശുപത്രിയിൽ എത്തിച്ച് നൽകിയിരുന്നെങ്കിലും വേണ്ട രീതിയിൽ ചികിത്സ നൽകിയില്ല.
മെഡിക്കൽ കോളേജിലെ ഐസിയു പ്രവർത്തന രഹിതം ഐസിയുവിൽ കിടക്ക ഇല്ല, പെട്ടെന്ന് ഡയാലിസിസ് നടക്കുന്ന ആശുപത്രിയിലേക്ക് മാറ്റണമെന്ന് പറഞ്ഞു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിലെത്തിച്ച സമയത്ത് പ്രസാദ് കൂടെയുള്ളവരോട് സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു കെ.ജി. പ്രസാദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ വേണ്ട രീതിയിൽ ചികിത്സ നൽകിയിരുന്നെങ്കിൽ പ്രസാദിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടമാർ പറഞ്ഞതായി സുഹത്തുക്കൾ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കുട്ടനാട്ടിലെ നെൽകർഷകനായ പ്രസാദ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയായിരുന്നു ആത്മഹത്യശ്രമം. ബിജെപി കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘിന്റെ ജില്ലാ പ്രസിഡന്റാണ് പ്രസാദ്. സർക്കാരും മൂന്ന് ബാങ്കുകളുമാണ് തന്റെ മരണത്തിന് കാരണമെന്ന് എഴുതിവച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്. ജില്ലാ സെക്രട്ടറി ശിവരാജിനെ വിളിച്ചറിയച്ച ശേഷമായിരുന്നു ആത്മഹത്യ. ഇതിന്റെ ശബ്ദ സന്ദേശം പുറത്തു വന്നിട്ടുണ്ട്.