കണ്ണൂർ: നിരീക്ഷണ ക്യാമറയിൽ വീണ്ടും ഇല്ലാത്ത രൂപം വന്നതായി പരാതി. പാനൂർ സ്വദേശി അലിക്കാണ് ഇത്തരത്തിൽ ഒരു പിഴ ലഭിച്ചിരിക്കുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാൻ തയാറാക്കിയ സൈറ്റിലെ വിവരമാണ് അലിയെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. നിരീക്ഷണ ക്യാമറ പുറത്തുവിട്ട ചിത്രത്തിൽ അലിക്കൊപ്പം അപരിചിതയായ ഒരു സ്ത്രീയുമുണ്ട്.
അലിക്കൊപ്പം മുൻ സീറ്റിലാണ് സ്ത്രീയും ഉള്ളത്. കഴിഞ്ഞ സെപ്റ്റംബർ 25 നു പുലർച്ചെ 5.30 ന് എടുത്ത ചിത്രമാണ് പിഴയിലുള്ളത്. എന്നാൽ അലിയുടെ മുഖം വ്യക്തമല്ല. പക്ഷേ കാറിന്റെ കാര്യത്തിൽ സംശയങ്ങളൊന്നുമില്ല. ഇത് തന്റെ കാർ തന്നെയാണെന്ന് അലി പറഞ്ഞു. ബിസിനസുകാരനായ അലി സ്ഥിരം യാത്ര ചെയ്യുന്ന ഒരാളാണ്. എന്നാൽ പിഴ കിട്ടിയ സ്ഥലത്തേയ്‌ക്ക് പോയിട്ട് കുറച്ചു കാലമായെന്നും അലി പറയുന്നു.
പിഴക്കൊപ്പം കിട്ടിയ ചിത്രത്തിൽ അലിയും സ്ത്രീയും സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല. എന്നാൽ ഒരാൾക്ക് മാത്രമാണ് പിഴയായി 500 രൂപ ചുമത്തിയത്.
തുടർന്ന് മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് പരിശോധിച്ചപ്പോൾ പിഴയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ അറിഞ്ഞത്. എന്നാൽ മോട്ടർ വകുപ്പ് അധികൃതരെ വിളിച്ചപ്പോൾ വ്യക്തമായ മറുപടിയല്ല കിട്ടിയതെന്നും അലി പറയുന്നു.
താൻ പിഴ അടയ്‌ക്കാൻ തയാറാണ്. എന്നാൽ അപരിചിതയായ സ്ത്രീയുടെ ചിത്രം എങ്ങനെ വന്നുവെന്ന് അധികൃതർ പറയണമെന്നാണ് അലിയുടെ പക്ഷം. ക്യാമറ സ്ഥാപിച്ച കമ്പനി പരിശോധിച്ചാലേ ചിത്രം വ്യക്തമാകുകയുള്ളു. കഴിഞ്ഞ ദിവസം സമാനമായ പരാതി പയ്യന്നൂരിലുമുണ്ടായിരുന്നു.