തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. നവംബർ 14, 15 ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശം പോലുള്ള അപകട മേഖലകളിൽ നിന്നും മാറി താമസിക്കാൻ മുന്നറിയിപ്പ് നൽകുകയും രാത്രി കാലങ്ങളിലുള്ള മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മത്സ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും കടലിൽ ഇറങ്ങിയുള്ള വിനോദസഞ്ചാരങ്ങൾ ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.















