മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘കഥ ഇന്നു വരെ’യുടെ ഷൂട്ടിംഗ് അവസാനിച്ചു. ചിത്രീകരണം പാക്ക്അപ്പ് ആയ കാര്യം സംവിധായകൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവെച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തിറക്കുമെന്നും വിഷ്ണു മോഹൻ അറിയിച്ചു. സംവിധാകന്റെ രണ്ടാമത്തെ സിനിമയാണ് ‘കഥ ഇന്നു വരെ’.
ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ നർത്തകിയായ മേതിൽ ദേവികയാണ് നായിക. മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അശ്വിൻ ആര്യൻ സിനിമയ്‌ക്ക് സംഗീതം ഒരുക്കുന്നത്. ജോമോൻ ടി ജോണും ഷമീർ മുഹമ്മദും ചേർന്നുള്ള പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് നിർമ്മാണം. സിനിമാട്ടോഗ്രാഫി- ജോമോൻ ടി ജോൺ, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ, കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.















