പട്‌ന: സൈബർ തട്ടിപ്പ് കേസിൽ മൂന്ന് പേർ പിടിയിൽ. വ്യാജ കൊറിയർ സർവീസിലൂടെ ആളുകളുടെ വ്യക്തിവിവരങ്ങൾ ശേഖരിച്ച് മറിച്ചുവിറ്റും ടിഎംടി കമ്പിയുടെ പേരിൽ കുറഞ്ഞ വിലയിൽ കമ്പി നൽകാമെന്ന് പരസ്യം നൽകി പണം തട്ടിയ കേസിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സൗരവ് കുമാർ (28), ദീപക് കുമാർ (28), ജിതേന്ദ്ര കുമാർ (32) എന്നിവരാണ് രണ്ട് കേസുകളിലായി അറസ്റ്റിലായത്.
കൊറിയർ കമ്പനികളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കിയാണ് സൗരവ് കുമാർ തട്ടിപ്പ് നടത്തിയത്. വ്യക്തികളുടെ പേരും മൊബൈൽ നമ്പറുകളുമുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് അത് മറ്റ് തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് ഇയാൾ മറിച്ചുവിറ്റു. മൂന്നൂറോളം പേരുടെ വിവരങ്ങളാണ് ഇത്തരത്തിൽ പ്രതി മറിച്ചുവിറ്റത്. തട്ടിപ്പിനിരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പരാതിക്കാരിയിൽ നിന്നും ഒരു ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്.
ടിഎംടി ബാർസിന്റെ പേരിൽ തട്ടിപ്പ് നടത്തിയതാണ് ദീപക്കിനും ജിതേന്ദ്രയ്‌ക്കുമെതിരെയുള്ള കേസ്. കഴിഞ്ഞ വർഷം ഡൽഹിയിലുള്ള നൂറോളം വ്യവസായികളെയാണ് ഇവർ കബളിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. ഇരുമ്പുദണ്ഡുകളും ടിഎംടി ബാറുകളും കുറഞ്ഞ വിലയ്‌ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.