തിരുവനന്തപുരം: എൻഎസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസ് പിൻവലിച്ചു. നാമജപ യാത്രയ്‌ക്കിടെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കന്റോൺമെന്റ് പോലീസിന്റെ നടപടി. ഇത് സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
സ്പീക്കർ എ.എൻ ഷംസീറിന്റെ ഗണപതിനിന്ദയെ തുടർന്ന് മാപ്പ് പറയണും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എൻഎസ്എസിന്റെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം ഉണ്ടായത്. ആയിരക്കണക്കിന് വിശ്വാസികൾ പ്രതിഷേധത്തിന്റെ ഭാഗമായി നാമജപ ഘോഷയാത്രയിൽ അണിനിരന്നിരുന്നു. പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു നാമജപയാത്ര. എന്നാൽ സ്പീക്കറുടെ ഗണപതി നിന്ദയെ പിന്തുണച്ച പിണറായി സർക്കാർ നാമജപയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെ പ്രതികാര നടപടിയെന്നോണം കേസെടുക്കുകയായിരുന്നു
സമാധാനപൂർണ്ണമായി നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് കേസെടുത്തത് വീണ്ടും വലിയ വിമർശനം ഉയർത്തുകയും ചെയ്തു. ആയിരത്തോളം വിശ്വാസികൾക്കെതിരെയായിരുന്നു കേസ്. ഇതിനിടെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് മാസങ്ങൾ പിന്നിട്ടപ്പോഴാണ് കേസ് അവസാനിപ്പിച്ചുകൊണ്ട് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പ്രതിഷേധം സമാധാനപൂർണ്ണമായിരുന്നുവെന്നും അക്രമങ്ങളോ മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളോ പ്രതിഷേധത്തിനിടെ ഉണ്ടായില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നാമജപ ഘോഷയാത്ര നടത്തിയവർക്ക് ഗുഢലക്ഷ്യമില്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.