തൃശൂർ: ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ‘നെഗറ്റീവ് എനർജി’ പുറന്തള്ളാൻ പ്രാർത്ഥന നടന്നതായി പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. സബ് കളക്ടർക്കാണ് അന്വേഷണ ചുമതല.
കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന നടത്തിയെന്നായിരുന്നു പരാതി. ലോഹയും ബൈബിളുമായി എത്തിയ ഒരാളാണ് പ്രാർത്ഥനയ്‌ക്ക് നേതൃത്വം നൽകിയത്. സംഭവത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെയാണ് പരാതി ഉയർന്നത്. പ്രാർത്ഥന നടത്തിയത് ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യപ്രകാരമാണെന്നാണ് വിവരം.
ഓഫീസർ ഒഴികെയുള്ള ജീവനക്കാർ എല്ലാവരും കരാർ തൊഴിലാളികളാണ്. ഓഫീസിലെ ചൈൽഡ് ലൈൻ പ്രവർത്തകരടക്കം ‘നെഗറ്റീവ് എനർജിക്കെതിരായ’ പ്രാർത്ഥനയിൽ പങ്കെടുക്കേണ്ടി വന്നിരുന്നു. ഇവരിൽ ഒരാളാണ് ളോഹയണിഞ്ഞ് നിന്ന് പ്രാർത്ഥനയ്‌ക്ക് നേതൃത്വം നൽകിയത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു സംഭവം. വൈകിട്ട് 4.30-ഓടെ ഓഫീസിലെ ജീവനക്കാർ എല്ലാവരും പ്രാര്‍ത്ഥനയിൽ പങ്കെടുക്കണമെന്ന് ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു.















