ആലപ്പുഴ: കൃഷിമന്ത്രിക്ക് യഥാർത്ഥ കർഷകരുടെ പ്രശ്നങ്ങൾ അറയില്ലെന്ന് ആത്മഹത്യ ചെയ്ത തകഴിയിലെ കർഷകൻ പ്രസാദിന്റെ ഭാര്യ ഓമന. ഫാനിന് കീഴിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് കർഷകന്റെ പ്രശ്നങ്ങൾ അറിയില്ല. മാസ ശമ്പളവും സ്ഥിര വരുമാനവും ഉള്ളവർക്ക് മാത്രമെ കേരളത്തിൽ കൃഷി ചെയ്യാൻ സാധിക്കൂ. നെല്ല് സംഭരണത്തിന് ലഭിക്കേണ്ട പണം കൃത്യസമയത്ത് തരാതിരുന്നതാണ് പ്രശ്നങ്ങളുടെ കാരണമെന്നും ഓമന കണ്ണീരോടെ പറഞ്ഞു.
നെല്ല് നൽകിയിട്ടും പണം ലഭിക്കാൻ ഒരുപാട് വൈകി. ഇതൊടെ പ്രസാദിന് ഉയർന്ന പലിശക്ക് കടം വാങ്ങേണ്ടി വന്നു. കൃഷി ആവശ്യത്തിനാണ് ഭൂമി പണയം വെച്ച് ലോൺ എടുക്കാൻ ശ്രമിച്ചത്. പിആർഎസ് വായ്പ കുടിശിക ഉണ്ടായിരുന്നത് കൊണ്ടാണ് ലോൺ കിട്ടിയില്ല. സർക്കാരിൻെഭാഗത്ത് നിന്നും ആരും ഇതുവരെ ഇവിടെ വന്നിട്ടില്ല. സംസ്ഥാന സർക്കാരിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നുമില്ല. സർക്കാർ തന്നെ മുഴുവൻ കടത്തിലാണല്ലോ എന്നും ഓമന കൂട്ടിച്ചേർത്തു.
പിആർഎസ് കുടിശ്ശികയുടെ പേരിൽ ബാങ്കിൽ നിന്നും വായ്പ ലഭിക്കാതെ വന്നതോടെയാണ് പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മരണത്തിന് മുമ്പ് അദ്ദേഹം സുഹൃത്തിനയച്ച ശബ്ദസന്ദേശം ഏറെ നൊമ്പരമായിരുന്നു. പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കർഷക മരണത്തിന് കാരണമായതെന്നിരിക്കെ കർഷകന്റെ കുടുംബത്തെ കാണാനോ ആശ്വസിപ്പിക്കാനോ സർക്കാർ അധികൃതർ എത്താത്തതിൽ ജനരോഷം ശക്തമാണ്.















